തൃശൂർ: മാസങ്ങളായി തകർന്നു കിടക്കുന്ന തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കുഴികൾ ഇന്ന് മുതൽ താത്കാലികമായി അടയ്ക്കും. റോഡുപണിക്കുള്ള ടെൻഡർ പൂർത്തിയാക്കിയതായാണ് കെ.എസ്.ടി.പി അധികൃതർ പറയുന്നത്. 29 ലക്ഷമാണ് ആകെ അനുവദിച്ചത്. പ്രധാന കുഴികളടയ്ക്കലും മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കലുമാണ് പ്രധാനമായും ചെയ്യുന്നത്.
പുഴയ്ക്കൽ, മുതുവറ മുതൽ അമലനഗർ വരെയുള്ള ഭാഗം, പുറ്റേക്കര, കൈപ്പറമ്പ്, മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെ, അക്കിക്കാവ് എന്നിവിടങ്ങളിലെ കുഴികളാണ് താത്കാലികമായി അടയ്ക്കുന്നത്. മഴ വീണ്ടും ശക്തമായതോടെ ഇതുവഴിയുള്ള യാത്ര കൂടുതൽ പ്രയാസകരമായി.
കൈപ്പറമ്പ് പെട്രോൾ പമ്പിന് സമീപവും ചൂണ്ടൽപ്പാടത്തും മഴുവഞ്ചേരിയിലുമുള്ള കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികർക്ക് പരിക്കേൽക്കുന്നതും പതിവായി. പ്രീ മൺസൂൺ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയത്. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് എ.സി.മൊയ്തീൻ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചപ്പോൾ, ഉടൻ താത്കാലിക പരിഹാരമുണ്ടാക്കുമെന്നായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ മറുപടി. ചെറിയ തുകയുടെ പണിയായതിനാൽ ടെൻഡറിൽ പങ്കെടുക്കാൻ ആരുമുണ്ടായിരുന്നില്ല. ടെൻഡർ സമർപ്പിക്കാൻ ഒരാഴ്ച കൂടി നീട്ടിനൽകി. അവസാന ദിനമായ വെള്ളിയാഴ്ച നാലുപേർ മുന്നോട്ടുവന്നു. ശനിയാഴ്ച ടെൻഡർ തുറന്ന് കരാറുകാരെ നിശ്ചയിക്കുകയായിരുന്നു.
മഴയിൽ വീണ്ടും തകർന്ന്...
പാറന്നൂർ മുതൽ ചൂണ്ടൽപ്പാലം വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. കുഴികൾ വീണ്ടും തകർന്നു. ഓഫീസ് സമയത്താണ് ഏറെയും തിരക്ക്. സ്വകാര്യബസുകളും സമയത്തിന് ഓടാനാകാതെ നട്ടം തിരിയുകയാണ്. 26 മുതൽ സ്വകാര്യബസുടമകളും തൊഴിലാളികളും പണിമുടക്കുന്നുണ്ട്. 33.23 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് 316.82 കോടി അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി കറങ്ങിയത് 20 കി.മീറ്ററിലേറെ
കുറ്റിപ്പുറം സംസ്ഥാനപാതയിലെ തകർന്ന ഭാഗങ്ങളിലൂടെ യാത്ര ഒഴിവാക്കി മുഖ്യമന്ത്രി ഇന്നലെ തൃശൂരിലെത്തിയത് വിവാദമായിരുന്നു. 20 കിലോമീറ്ററിലേറെ വളഞ്ഞാണ് മുഖ്യമന്ത്രി തൃശൂരിലെത്തിയത്. കോഴിക്കോട്ട് നിന്ന് തൃശൂരിലേക്കുള്ള യാത്രയ്ക്ക് കുന്നംകുളത്ത് നിന്ന് വടക്കാഞ്ചേരി വഴിയാണ് തെരഞ്ഞെടുത്തത്. ശനിയാഴ്ച രാത്രി എട്ടരയ്ക്കാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയത്. ചൂണ്ടൽ മുതൽ റോഡിന്റെ ശോച്യാവസ്ഥ കണക്കിലെടുത്താണ് റൂട്ട് തിരിച്ചുവിടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |