തിരുവനന്തപുരം: പുഞ്ചക്കരിയുടെയും കിരീടം പാലത്തിന്റെയും ആത്മാവാണ് വെള്ളയാണി കായൽ. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ശുദ്ധജല തടാകം. അരുവിക്കര കഴിഞ്ഞാൽ ജലവിതരണത്തിന് ആശ്രയിക്കുന്നയിടം. കല്ലിയൂർ, വെങ്ങാനൂർ, പള്ളിച്ചൽ, നേമം തുടങ്ങിയ പഞ്ചായത്തുകളിലേക്കും നഗരത്തിന്റെ വിവിധ മേഖലകളിലേക്കും വിഴിഞ്ഞം തുറമുഖ പ്രദേശം, സി.ജി.ഒ പൂങ്കുളം കോംപ്ലക്‌സ് എന്നിവിടങ്ങളിലേക്കും ഇവിടെ നിന്നുള്ള വെള്ളമാണ് ശുദ്ധീകരിച്ച് എത്തിക്കുന്നത്.
എന്നാൽ അതിഗുരുതരമായ സാഹചര്യമാണ് നിലവിൽ വെള്ളായണി കായൽ നേരിടുന്നത്. അടുത്തിടെ വെള്ളം പരിശോധിച്ചപ്പോൾ അപകടകാരിയായ കോളിഫോം ബാക്ടീരിയുടെ സാന്നിദ്ധ്യം കണ്ടെത്തി. ശുദ്ധീകരിക്കുന്നതിനാൽ വെള്ളത്തിലൂടെ ഇത് പടരില്ലെങ്കിലും കായലിൽ നീന്തുന്ന താറാവുകളുടെ ഇറച്ചിയിലൂടെയും മുട്ടയിലൂടെയും പകരാൻ സാദ്ധ്യതയുണ്ട്. തടാകത്തിന്റെ പരിപാലനത്തിനായി അഞ്ചുവർഷത്തേക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടത്തുന്ന പദ്ധതിക്ക് മുന്നോടിയായി സംസ്ഥാന തണ്ണീർതട അതോറിട്ടി അടുത്തിടെ നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വസ്തുകൾ കണ്ടെത്തിയത്.
നഗരത്തിലെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം, ഏജൻസികൾ കായലിന്റെ പലഭാഗത്തുമാണ് നിക്ഷേപിക്കുന്നത്. പല ഡ്രൈനേജുകളും അവസാനിക്കുന്നതും ഇവിടെയാണ്. ചെറുകിടജലസേചന പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ മാങ്കിളിക്കരി പമ്പ് ഹൗസിന് സമീപത്തേക്ക് എത്തുന്ന തോട്ടിലൂടെയാണ് മാലിന്യം വൻതോതിൽ എത്തുന്നത്. പരിശോധനയ്ക്കെത്തിയ തണ്ണീർത്തട അതോറിട്ടി ഉദ്യോഗസ്ഥർ മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമക്കുന്നതിനിടെയാണ് സ്ഥിതി സങ്കീർണമാണെന്ന് വ്യക്തമായത്. വെള്ളായണി ഭാഗത്ത് നിന്നെത്തുന്ന പൊന്നുമംഗലം തോട്ടിൽ വ്യാപകമായി കോഴിഫാം, ഹോട്ടൽ മാലിന്യം എന്നിവ തള്ളുന്നുണ്ട്. പള്ളിച്ചൽ തോട്ടിലൂടെയും വൻതോതിൽ മാലിന്യം എത്തുന്നുണ്ട്. കാരക്കോണം ഭാഗത്ത് നിന്നുൾപ്പെടെ താറാവുകളുമായി കർഷകർ എത്തുന്നത് ഈ തോട്ടിലൂടെയാണ്. കായലിൽ ഭൂരിഭാഗവും കുളവാഴകൾ നിറഞ്ഞിട്ടും അത് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളും കാര്യക്ഷമമല്ല.
വൈകിയാൽ അപകടം
പ്രദേശത്തെ ഗുരുതര സ്ഥിതി തടയാൻ നടപടി സ്വീകരിക്കാത്തതിനാൽ തദ്ദേശസ്ഥാപനങ്ങൾക്കും തണ്ണീർത്തട അതോറിട്ടി നോട്ടീസ് നൽകി. വെങ്ങാനൂർ, കല്ലിയൂർ പഞ്ചായത്തുകൾക്കും പുഞ്ചക്കരി, മേലാംങ്കോട് വാർഡുകൾ ഉൾപ്പെടുന്ന തിരുവനന്തപുരം കോർപ്പറേഷനുമാണ് നോട്ടീസ് നൽകിയത്. തദ്ദേശ, ഇറിഗേഷൻ വകുപ്പുകൾ സംയുക്തമായി രംഗത്തിറങ്ങിയാൽ മാത്രമേ ഈ മാലിന്യനിക്ഷേപം തടയാനാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |