കൊല്ലം: സ്വകാര്യ ബസിടിച്ച് 20 മിനിറ്റോളം റോഡിൽ ചോരവാർന്ന് കിടന്ന പൊതുപ്രവർത്തകന് ദാരുണാന്ത്യം. മുസ്ലീം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും കേരള മുസ്ലീം ജമാഅത്ത് കൗൺസിൽ ഭാരവാഹിയുമായ തിരുമുല്ലവാരം അഞ്ചുകല്ലുംമൂട് പി.എസ്.ആർ.എ 111 ഇഞ്ചയ്ക്കൽ ഹൗസിൽ എ.എം.ബഷീറാണ് (76) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.55 ഓടെ ചിന്നക്കട ബീച്ച് റോഡിലായിരുന്നു അപകടം. ബസ് ഇടിച്ചിട്ട് ഇടതുകാലിലൂടെ പിൻചക്രം കയറിയിറങ്ങുന്നത് കണ്ട് ഓടിക്കൂടിയവരെല്ലാം നോക്കിനിന്നതേയുള്ളു. ഒടുവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മങ്ങാട് സ്കൂളിൽ നടന്ന ലഹരി നിർമ്മാർജ്ജന സമിതി യോഗത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബീച്ച് റോഡിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി തിരികെ സ്കൂട്ടറിൽ കയറിയതിന് പിന്നാലെ ചിന്നക്കടയിൽ നിന്നെത്തിയ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ബസ് ഡ്രൈവർക്കെതിരെ അശ്രദ്ധമായ ഡ്രൈവിംഗിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ ഫസീല ബീവി. മക്കൾ: ജാസ്മിൻ, മുഹമ്മദ് സുൾഫി. മരുമക്കൾ: അജീബ്, ലിബാന.
രക്ഷിക്കാൻ മുന്നോട്ടുവന്നത് ദേവികയും വാസുജിയും മാത്രം
സ്വകാര്യ സ്ഥാപനത്തിൽ ജർമ്മൻ ഭാഷാ കോഴ്സ് കഴിഞ്ഞ് ദേവികയും ജൂലിയയും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബഷീറിനെ ബസ് ഇടിക്കുന്നത് കണ്ടത്. ഇരുവരും ഓടിയടുത്തെത്തി. ദേവിക ബഷീറിനെ എടുത്തുയർത്താൻ ശ്രമിച്ചെങ്കിലും ഭാരം താങ്ങാനായില്ല. ചുറ്റും നോക്കിയെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല. റോഡിൽ കിടന്ന ബഷീറിന്റെ ഫോണെടുത്ത് ഏറ്റവും ഒടുവിൽ വിളിപോയ മകൾ ജാസ്മിനെ വിളിച്ചു. ഗതാഗതം സ്തംഭിച്ചിട്ടും മറ്റുള്ളവർ നോക്കിനിന്നതേയുള്ളൂ. ബാങ്കിൽ പോയശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പള്ളിത്തോട്ടം സ്വദേശിയായ പൊതുപ്രവത്തകൻ വാസുജി അവിടെയെത്തി. അദ്ദേഹം ദേവികയുടെ സഹായത്തോടെ ബഷീറിനെ തന്റെ കാറിലേക്ക് കയറ്റി. കാഴ്ചക്കാരായി നിന്നവരിൽ ചിലർ അപ്പോൾ സഹായത്തിനെത്തി. തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |