ഹോളണ്ടിനെ 3-2ന് തോൽപ്പിച്ച് ആസ്ട്രിയ ഗ്രൂപ്പ് ചാമ്പ്യന്മാർ
ബെർലിൻ : ഇരുവശത്തുമായി അഞ്ചുഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ 3-2ന് ഹോളണ്ടിനെ അട്ടിമറിച്ച ആസ്ട്രിയ യൂറോ കപ്പിലെ ഡി ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലെത്തി.ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് 1-0ത്തിന് തോറ്റിരുന്ന ആസ്ട്രിയ രണ്ടാം മത്സരത്തിൽ പോളണ്ടിനെ 3-1ന് തോൽപ്പിച്ചിരുന്നു. മൂന്ന് കളികളിൽ 6 പോയിന്റുമായാണ് ആസ്ട്രിയ ഒന്നാമതായത്. ഇന്നലെ പോളണ്ടുമായി 1-1ന് സമനിലയിൽ പിരിഞ്ഞ ഫ്രാൻസ് 5 പോയിന്റുമായി രണ്ടാമതായി. നാലുപോയിന്റുള്ള ഹോളണ്ടാണ് മൂന്നാമത്. പോളണ്ട് പുറത്തായി.
ഇന്നലെ ഹോളണ്ടിനെതിരെ ആറാം മിനിട്ടിൽ ഡോണിൽ മാലെന്റെ സെൽഫ് ഗോളിലൂടെ ആസ്ട്രിയയാണ് ആദ്യം മുന്നിലെത്തിയത്.
47-ാം മിനിട്ടിൽ കോഡി ഗാപ്കോ കളി സമനിലയിലാക്കി.
59-ാം മിനിട്ടിൽ റൊമാനോ ഷ്മിഡ് ആസ്ട്രിയയ്ക്ക് വീണ്ടും ലീഡ് നൽകി.
75-ാം മിനിട്ടിൽ മെംഫിസ് ഡെപ്പേ വീണ്ടും സമനിലയിലെത്തിച്ചു.
80-ാം മിനിട്ടിൽ മാഴ്സൽ സാബിറ്റ്സറാണ് ആസ്ട്രിയയുടെ വിജയഗോളടിച്ചത്.
വലകുലുക്കി എംബാപ്പെയും ലെവാനും
യൂറോകപ്പിൽ ഇന്നലെ നടന്ന ഫ്രാൻസും പോളണ്ടും തമ്മിലുള്ള ഗ്രൂപ്പ് ഡി മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞപ്പോൾ ഗോളുകൾ രണ്ടും പിറന്നത് പെനാൽറ്റിയിലൂടെ. ഫ്രാൻസിന് വേണ്ടി സൂപ്പർ താരം കിലിയൻ എംബാപ്പെയും പോളണ്ടിന് വേണ്ടി മറ്റൊരു സൂപ്പർ താരം റോബർട്ട് ലെവാൻഡോവ്‌സ്കിയുമാണ് സ്കോർ ചെയ്തത്.
56-ാം മിനിട്ടിൽ എംബാപ്പെയുടെ പെനാൽറ്റിയിലൂടെ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയത്. 79-ാം മിനിട്ടിലായിരുന്നു ലെവാന്റെ സമനില പെനാൽറ്റി. ഈ യൂറോയിലെ ഇരുവരുടെയും ആദ്യ ഗോളായിരുന്നു ഇന്നലത്തേത്. പരിക്ക് മൂലം എംബാപ്പെ രണ്ടാം മത്സരത്തിലും ലെവാൻ ആദ്യ മത്സരത്തിലും കളിച്ചിരുന്നില്ല.
മൂക്കിലെ പരിക്കിനെത്തുടർന്ന് കറുത്ത മാസ്ക് വച്ച് കളിക്കാനിറങ്ങിയ ഫ്രഞ്ച് താരം എംബാപ്പെയുടെ മുന്നേറ്റം തടയാൻ ജഴ്സിയിൽ പിടിച്ച് വലിക്കുന്ന പോളണ്ട് താരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |