കൊച്ചി: മലയാള സിനിമയിലെ നടീനടന്മാരുടെ സംഘടനായ അമ്മയുടെ വാർഷിക പൊതുയോഗം കഴിഞ്ഞദിവസം കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ ചേരുകയുണ്ടായി. മൂന്ന് വർഷത്തിന് സംഘടനയിൽ പൊതുതിരഞ്ഞെടുപ്പ് നടന്നു. മോഹൻ ലാലിനെ പ്രസിഡന്റായും ഉണ്ണി മുകുന്ദനെ ട്രഷററായും നേരത്തെ തിരഞ്ഞെടുത്തിരുന്നു. ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റുമാർ, എക്‌സിക്യൂട്ടീവ് മെമ്പർ എന്നീ പദവികളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ചില അസ്വാരസ്യങ്ങളും ഉയർന്നു.
നാല് വനിതകൾ ഭരണസമിതിയിൽ വേണമെന്നാണ് ബൈലോയിലെ നിബന്ധന. ആകെ അഞ്ച് വനിതകളാണ് ഇത്തവണ മത്സരിച്ചത്. ഇവരിൽ രണ്ട് പേർ തോറ്റു. അതോടെ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച മൂന്നുപേരും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയായിരുന്നു ജനറൽബോഡിയിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും. പക്ഷേ, വരണാധികാരിയായ അഡ്വ. കെ. മനോജ് ചന്ദ്രൻ, അനന്യയും ഏഴ് നടന്മാരും ഉൾപ്പെടെ കൂടുതൽ വോട്ട് നേടിയ എട്ടുപേരുടെ പേര് പ്രഖ്യാപിച്ചശേഷം ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് വനിതകളെ കോ ഓപ്റ്റ് ചെയ്യും എന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ബാബുരാജ്, അനൂപ് ചന്ദ്രൻ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, ജയൻ ചേർത്തല തുടങ്ങിയവർ എതിർപ്പുയർത്തി. ഉഷ, പ്രിയങ്ക, സരയൂ, കുക്കു പരമേശ്വരൻ തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്തുവന്നതോടെ ആകെ ബഹളമയമായി അന്തരീക്ഷം.
എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സരയൂ, അൻസിബ എന്നിവരെ തിരഞ്ഞെടുക്കണമെന്നും ബാക്കി ഒരാളെ കോ ഓപ്റ്റ് ചെയ്യാമെന്നുമായിരുന്നു ഇവരുടെയെല്ലാം നിർദേശം. പക്ഷേ, രണ്ടുപേരും വോട്ട് നിലയിൽ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടി വരണാധികാരി ബൈലോയിൽ ഉറച്ചുനിന്നു. ഇതോടെ പുതിയ ജനറൽ സെക്രട്ടറി സിദ്ദിഖും വൈസ് പ്രസിഡന്റ് ജഗദീഷും അനുനയനീക്കങ്ങളുമായി എത്തി. രണ്ടുപേരെയും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യാൻ ജനറൽബോഡി തീരുമാനിച്ചാൽ മതിയെന്നും ബാക്കിയുള്ള ഒരാളെ നിർദേശിക്കാമെന്നുമായി ഇവർ.
അതോടെ സരയൂവിന്റെയും അൻസിബയുടെയും പേരുകൾ കൈയടിച്ച് യോഗം പാസാക്കി. ബാക്കിയുള്ള ഒരു സ്ഥാനത്തേക്ക്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ കുക്കു പരമേശ്വരന്റെ പേര് ഉഷ നിർദേശിച്ചു. അതോടെ ഒരാളെയെന്നത് മാറ്റി എത്രപേരെ വേണമെങ്കിലും നിർദേശിക്കാമെന്നും ഭരണസമിതി ചേർന്ന് ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുമെന്നുമായി സിദ്ദിഖ്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തോറ്റ മഞ്ജു പിള്ളയുടെ പേരും ഉയർന്നുവന്നു. ഷീലു എബ്രഹാമിന്റെ പേരാണ് കുക്കു പരമേശ്വരൻ നിർദേശിച്ചത്. ഒടുവിൽ നിർദേശിക്കപ്പെട്ട പേരുകളിൽ നിന്ന് ഭരണസമിതി ചേർന്ന് കോ ഓപ്റ്റ് ചെയ്യേണ്ട ആളെ കണ്ടെത്തുമെന്ന തീരുമാനം വന്നതോടെ വരണാധികാരി മൂന്ന് വനിതകളുടെ ഉൾപ്പെടെ പത്തുപേരുകൾ പ്രഖ്യാപിച്ചു. മൂന്ന് വനിതകൾ വന്നതോടെ മത്സരിച്ച രമേശ് പിഷാരടിയും ഡോ. റോണിയും പുറത്താകുകയായിരുന്നു.
സുരേഷ് ഗോപിക്ക് വികാരനിർഭരമായ സ്വീകരണം
അമ്മ ജനറൽ ബോഡിയിൽ പങ്കെടുക്കില്ലെന്ന ശപഥം 25 വർഷങ്ങൾക്ക് ശേഷം അവസാനിപ്പിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയത്. വികാരനിർഭരമായ സ്വീകരണമായിരുന്നു സഹപ്രവർത്തകർ അദ്ദേഹത്തിന് ഒരുക്കിയത്. മോഹൻലാൽ സുരേഷ് ഗോപിക്ക് ഉപഹാരം നൽകി. ഇടവേള ബാബു അംഗത്വകാർഡ് കൈമാറി. സംഘടനയുടെ ഒന്നാമത്തെ അംഗമാണ് സുരേഷ് ഗോപി.
''ഓരോ കഥാപാത്രത്തിലൂടെയും ഞാൻ വിരിഞ്ഞുവരുകയായിരുന്നു. ഞാൻ എന്ന വ്യക്തിയെ മെനഞ്ഞെടുക്കുന്നതിൽ സിനിമ വഹിച്ച പങ്ക് വലുതാണ്. അതിന്റെ ആഴം അളക്കാവുന്നതല്ല. എന്റെ കഥാപാത്രങ്ങൾക്കുവേണ്ടി എതിർഭാഗത്ത് നിന്ന് തല്ലുവാങ്ങിയവർ, എനിക്ക് ശക്തി നൽകിയവർ, സോമേട്ടൻ, രാജൻ പി. ദേവ്, എൻ.എഫ്. വർഗീസ്, നരേന്ദ്രപ്രസാദ്... ഒരുപാട് പേരോട് കടപ്പാടുണ്ട്. അതുപോലെ തന്നെ വ്യക്തിയെന്ന നിലയിൽ എനിക്ക് ബലം പകർന്ന കാക്കി എന്ന വേഷത്തെ ആദരവോടെ ഓർക്കുന്നു. സെറ്റിൽ ചായ തന്നവരും ഭക്ഷണം കഴിച്ച പാത്രം കഴുകി വൃത്തിയാക്കിയവരുമെല്ലാം എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് വലുതാണ്''- സുരേഷ് ഗോപി പറഞ്ഞു.
മമ്മൂട്ടി എത്തിയില്ല ഗണേശ് കുമാറും
ജനറൽ ബോഡിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അസാന്നിദ്ധ്യം മമ്മൂട്ടിയുടേതായിരുന്നു. സോഷ്യൽ മീഡിയയിൽ ഇത് പലരും ചൂണ്ടിക്കാട്ടുകയും ചെയ്‌തു. ലണ്ടനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലാണ് മെഗാ സ്‌റ്റാർ. നേരത്തെ തന്നെ മമ്മൂട്ടി സംഘടനയെ ഇക്കാര്യം അറിയിച്ചിരുന്നു. ദുൽഖറും മമ്മൂട്ടിക്കൊപ്പം ലണ്ടനിലാണ്.
മന്ത്രി കെ.ബി. ഗണേഷ് കുമാറിനും സ്വീകരണമൊരുക്കിയിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. കാൽനൂറ്റാണ്ട് അമ്മയെ നയിച്ചശേഷം സ്ഥാനമൊഴിയുന്ന ഇടവേള ബാബുവിനെയും ചടങ്ങിൽ ആദരിച്ചു. ബാബുവിന് സുരേഷ് ഗോപി ഉപഹാരം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |