ന്യൂയോർക്ക് : അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാൻ പോൺ താരം സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശിക്ഷാ വിധി സെപ്തംബർ 18ലേക്ക് മാറ്റി. ഈ മാസം 11നായിരുന്നു ശിക്ഷ വിധിക്കേണ്ടിയിരുന്നത്.
അധികാരത്തിലിരിക്കെ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടുള്ള ഫെഡറൽ ക്രിമിനൽ കുറ്റങ്ങളുടെ പ്രോസിക്യൂഷനിൽ നിന്ന് ട്രംപിന് ഭാഗിക നിയമ പരിരക്ഷ ലഭിക്കുമെന്ന് തിങ്കളാഴ്ച സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ട്രംപിന്റെ അഭിഭാഷകർ സമീപിച്ചതോടെയാണ് ന്യൂയോർക്ക് കോടതി വിധി പറയുന്നത് നീട്ടിയത്.
കേസിൽ ട്രംപ് കുറ്റക്കാരനെന്ന് മേയിൽ കോടതി വിധിച്ചിരുന്നു. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ട്രംപ് അഭിഭാഷകൻ മുഖേന സ്റ്റോമിക്ക് പണം നൽകിയത്. തുക ഇലക്ഷൻ നിയമങ്ങൾക്ക് വിരുദ്ധമായി ബിസിനസ് ചെലവാക്കി കാണിച്ചുള്ള രേഖകളാണ് കുരുക്കായത്. കുറ്റം മറയ്ക്കാൻ വ്യാജരേഖകൾ നിർമ്മിച്ചതടക്കം 34ചാർജുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |