മാന്നാർ : ഇരമത്തൂരിലെ കലയുടെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി അയൽവാസി ഇരമത്തൂർ വിനോദ് ഭവനത്തിൽ സോമൻ. കൊലപാതകം നടന്നെന്നു പറയപ്പെടുന്ന ദിവസം രാത്രി കാറിൽ കലയുടെ മൃതദേഹം കണ്ടതായി സോമൻ (70) ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇരമത്തൂർ ഐക്കര ജംഗ്ഷനിൽ ചായക്കട നടത്തിയിരുന്ന സോമന്റെ വാക്കുകൾ :
'രാത്രി 12 മണിയോടെ കേസിലെ മാപ്പുസാക്ഷി വന്നു വിളിച്ച് സഹായം ചോദിച്ചു. അർദ്ധരാത്രി ആയതിനാൽ ആദ്യം വിസമ്മതിച്ചെങ്കിലും നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി. 150 മീറ്റർ അകലെ ചിറ്റമ്പലത്തിനടുത്ത് നിർത്തിയിട്ടിരുന്ന വെളുത്ത കാറിന്റെ പിൻസീറ്റിൽ കലയുടെ മൃതദേഹം കണ്ടു. ഡ്രൈവർ സീറ്റിൽ പ്രതിയായ പ്രമോദും, മുൻസീറ്റിൽ കലയുടെ ഭർത്താവ് അനിലും പിൻസീറ്റിൽ മൃതദേഹത്തിനൊപ്പം ജിനു ഗോപിയും, മുഖം തിരിച്ചറിയാത്ത മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ മൺവെട്ടിയും പിക്കാക്‌സും കയറും കണ്ടു. മൃതദേഹം മറവ് ചെയ്യാൻ സഹായം അഭ്യർത്ഥിച്ചു. താൻ വിസമ്മതിച്ചു മടങ്ങിപ്പോയി. പിറ്റേന്ന് അനിലിന്റെ വീട്ടിൽ ഈ വാഹനം കഴുകി വൃത്തിയാക്കുന്നത് കണ്ടു. ഭയന്നാണ് ഇത്രയും കാലം വിവരങ്ങൾ മറച്ചുവച്ചത്. ഇപ്പോൾ ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞു".
15വർഷം മുമ്പുള്ള അനിലിന്റെ
യാത്രാവിവരങ്ങൾ അന്വേഷിക്കും
കലയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ ഒന്നാംപ്രതിയായ ഭർത്താവ് അനിലിന്റെ പതിനഞ്ച് വർഷം മുമ്പുള്ള യാത്രാവിവരങ്ങൾ അന്വേഷിക്കും. അനിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് നാട്ടിൽ എത്തി അഞ്ചു ദിവസം കഴിഞ്ഞാണ് കൊല നടത്തിയതെന്നാണ് വിവരം. ഇവിടെ വന്ന ശേഷമുള്ള ദിവസങ്ങളിൽ പോയ സ്ഥലങ്ങളും കണ്ടവരുടെ വിവരങ്ങളുമാണ് പൊലീസ് അന്വേഷിക്കുന്നത്. അനിലിന്റെ റൂട്ട് മാപ്പ് തയ്യാറാക്കാനും സന്ദർശക പട്ടികയിലുള്ളവരെ കണ്ടെത്തി ചോദ്യം ചെയ്യാനുമാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനുഗോപി (48), കണ്ണമ്പള്ളിൽ സോമരാജൻ (55), കണ്ണമ്പള്ളിൽ പ്രമോദ് (45) എന്നിവരുടെ കസ്റ്റഡി നീട്ടിക്കിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും.
കലയുടെ കൊലപാതകം:
ഡി.എൻ.എ ഫലം വൈകും
ആലപ്പുഴ: കല കൊലപാതകക്കേസിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച മൃതദേഹ അവശിഷ്ടങ്ങളുടെ ഡി.എൻ.എ പരിശോധനയുടെ ഫലം ലഭിക്കാൻ ആഴ്ചകളെടുക്കും. കാലപ്പഴക്കവും രാസവസ്തു പ്രയോഗവും കാരണം തൊണ്ടിമുതലുകൾ പല വിധത്തിലുള്ള പരിശോധനകൾക്ക് വിധേയമാക്കിയാലേ മരിച്ചത് കലയെന്ന് ഉറപ്പിക്കാൻ ഫോറൻസിക് വിദഗ്ദ്ധർക്ക് കഴിയൂ. ആറാഴ്ചയെങ്കിലും ഡി.എൻ.എ നിർണയത്തിന് വേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |