ദിസ്‌പൂർ: ദിവസങ്ങളായി പ്രളയം തുടരുന്ന അസാമിൽ മരണം 64 ആയി. നിരവധി നദികൾ ഇപ്പോഴും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ഇതുവരെ 24 ലക്ഷത്തോളം ജനങ്ങളെ പ്രളയം ബാധിച്ചെന്ന് അധികൃതർ അറിയിച്ചു. 5000ത്തോളം പേർ ക്യാമ്പുകളിൽ കഴിയുകയാണ്. കാസിരംഗ ദേശീയോദ്യാനത്തിൽ 100ലധികം മൃഗങ്ങളാണ് ഇതുവരെ ചത്തത്. കഴിഞ്ഞ ദിവസം പ്രളയ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി സംസാരിച്ചിരുന്നു.
8 വയസുകാരന്റെ മൃതദേഹം കണ്ടെത്തി
അതിനിടെ, ഗുവാഹത്തിയിൽ മൂന്ന് ദിവസം മുമ്പ് വെള്ളപ്പൊക്കത്തിൽപ്പെട്ട അഭിനാഷ് എട്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് കനത്ത മഴയ്ക്കിടെ അഭിനാഷ് പിതാവിന്റെ സ്‌കൂട്ടറിൽ നിന്ന് തെന്നി ഓടയിൽ വീഴുകയായിരുന്നു. മകൻ മുങ്ങിത്താഴുന്നത് കണ്ട ഹീരാലാൽ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. എൻ.ഡി.ആർ.എഫ്), എസ്.ഡി.ആർ.എഫ് സംഘങ്ങൾ മൂന്നു ദിവസം നടത്തിയ തെരച്ചിനൊടുവിൽ നാല് കിലോമീറ്റർ അകലെ രാജ്ഗഢിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ മരണത്തിൽ അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അനുശോചനം രേഖപ്പെടുത്തി.
അദ്ദേഹം അപകടസ്ഥലം സന്ദർശിക്കുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |