
തിരുവനന്തപുരം: പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയതായി സിപിഎം നേതാവിനെതിരെ ഉയർന്ന ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷം ആരോപണം ഉയർത്തിയപ്പോൾ നാട്ടിൽ പലവിധ തട്ടിപ്പുകളും നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ചോദ്യോത്തര വേളയിലാണ് എം കെ മുനീറിന് വേണ്ടി എൻ ഷംസുദ്ദീൻ വിഷയം ചൂണ്ടിക്കാണിച്ചത്.
'പിഎസ്‌സി അംഗമാകുന്നതിന് ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ ചോദിച്ചു. ഇതിൽ 22 ലക്ഷം രൂപ നേതാവിന് കെെമാറിയെന്നും സംഭവത്തിൽ പാർട്ടി സെക്രട്ടറിയേറ്റിൽ അന്വേഷണം നടക്കുന്നുവെന്നുമാണ് പുറത്തുവന്ന വാർത്തയിൽ ഉള്ളത്. ഇതിന് മുൻപും പിഎസ്‌സി അംഗമാകുന്നതിന് പണം വാങ്ങുന്നതായുള്ള ആരോപണം ഉയർന്നിരുന്നു. കോഴിക്കോട്ടു നിന്ന് ഉയരുന്ന ഈ ആരോപണത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുക',- ഷംസുദ്ദീൻ ചോദിച്ചു.
ഭരണഘടന അനുസരിച്ച് മുന്നോട്ട്പോകുന്ന ഏജൻസിയാണ് കേരളത്തിൽ പിഎസ്‌സി. അതിനെ അപകീർത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങൾ നേരത്തേതന്നെ ഉണ്ടായിട്ടുണ്ട്. ഇത് നിർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'പിഎസ്‌സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആർക്കും പറയാനാകില്ല. ഒരു തരത്തിലുമുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ല. നാട്ടിൽ പലവിധ തട്ടിപ്പുകളും നടക്കുന്നുണ്ട്. അതിന് സ്വാഭാവിക നടപടി ഉണ്ടാകും', - എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സിപിഎം യുവനേതാവിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റിയംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് വിവരം. ഇയാളെ സിപിഎം, സിഐടിയു ഭാരവാഹിത്വങ്ങളിൽ നിന്നും നീക്കും. ആരോപണങ്ങൾ അന്വേഷിക്കാൻ നാലംഗ കമ്മിഷനെയും സിപിഎം നിയമിച്ചു.
ഹോമിയോ ഡോക്‌ടർമാരായ ദമ്പതികളാണ് പി എസ് സി അംഗത്വത്തിന് പ്രമോദ് 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് പരാതിപ്പെട്ടത്. വനിതാ ഡോക്‌ടർക്കായി ഭർത്താവാണ് തുക നൽകിയത്. 20 ലക്ഷം രൂപ അംഗത്വത്തിനും രണ്ട് ലക്ഷം രൂപ മറ്റ് ചെലവുകൾക്കുമാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. 60 ലക്ഷം രൂപനൽകിയാൽ പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു പ്രമോദിന്റെ വാഗ്‌ദാനം. പണം വാങ്ങിയ ശേഷം അംഗത്വം ലഭിച്ചില്ല പിന്നാലെ ആയുഷ് മിഷനിൽ ഉയർന്ന തസ്‌തിക വാഗ്‌ദാനം ചെയ്‌തെങ്കിലും നടന്നില്ല ഇതോടെയാണ് ഇയാൾക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |