ന്യൂഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷയ്‌ക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ, പ്രത്യേകാനുമതി ഹർജി, ജാമ്യാപേക്ഷ എന്നിവയിൽ സംസ്ഥാന സർക്കാരിനും കെ.കെ.രമ എം.എൽ.എ ഉൾപ്പെടെ എതിർകക്ഷികൾക്കും നോട്ടീസ് അയയ്ക്കാൻ
ഉത്തരവിട്ട് സുപ്രീംകോടതി. ആറാഴ്ചയ്‌ക്കകം മറുപടി നൽകണം. വിശദമായി കേൾക്കേണ്ട കേസാണെന്ന് ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേരള ഹൈക്കോടതിയുടെയും മാറാട് പ്രത്യേക കോടതിയുടെയും പക്കലുള്ള കേസ് രേഖകൾ ഹാജരാക്കാനും നിർദ്ദേശിച്ചു. ആഗസ്റ്റ് 27ന് ഹർജികൾ വീണ്ടും പരിഗണിക്കും.
ഇരട്ട ജീവപര്യന്തം ശിക്ഷ കഠിനതടവാക്കി വർദ്ധിപ്പിച്ച ഹൈക്കോടതി നടപടിക്കെതിരെയാണ് അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, ഷാഫി, ഷിനോജ് എന്നിവർ അപ്പീൽ നൽകിയത്. ഹൈക്കോടതി നടപടി സ്റ്റേ ചെയ്‌ത് ജാമ്യം നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. 12 വർഷത്തിലധികമായി ജയിലിൽ കഴിയുകയാണെന്നും വ്യക്തമാക്കി. വിചാരണക്കോടതി വെറുതെവിട്ടെങ്കിലും, ഹൈക്കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചതിനെതിരെ സി.പി.എം മുൻ ഒഞ്ചിയം ഏരിയാ കമ്മിറ്റിയംഗം കെ.കെ. കൃഷ്‌ണൻ, കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗം ജ്യോതിബാബു എന്നിവരും അപ്പീൽ നൽകിയിട്ടുണ്ട്.
കൊലക്കുറ്റത്തിലെ ജീവപര്യന്തം കഠിനതടവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതി അണ്ണൻ സിജിത്ത് പ്രത്യേകാനുമതി ഹർജി നൽകിയത്. പ്രതിയും സി.പി.എം നേതാവുമായിരുന്ന പി.കെ. കുഞ്ഞനന്തൻ അന്തരിച്ചെങ്കിലും പിഴത്തുകയായ ഒരു ലക്ഷം രൂപ ഭാര്യ വി.പി.ശാന്തയിൽ നിന്ന് ഈടാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ ശാന്ത നൽകിയ പ്രത്യേകാനുമതി ഹർജി അടുത്ത ദിവസങ്ങളിൽ പരിഗണിച്ചേക്കും.
പ്രദീപൻ ഇപ്പോൾ കീഴടങ്ങേണ്ട
കേസിലെ 31ാം പ്രതി ലംബു എന്ന എം.കെ.പ്രദീപൻ ഇപ്പോൾ കീഴടങ്ങേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആയുധം ഒളിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്രത്തിന് മൂന്നു വർഷം തടവും 20,000 രൂപ പിഴയുമാണ് മാറാട് പ്രത്യേക കോടതി വിധിച്ചിരുന്നത്. പ്രദീപന്റെ ഹർജിയിലും വിശദമായി വാദംകേൾക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |