ഗാസ: മദ്ധ്യ ഗാസയിലെ ബുറേജി അഭയാർത്ഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. റോഡിൽ കളിക്കുകയായിരുന്ന അഞ്ച് കുട്ടികളും കൊല്ലപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. അബു റസാസ് റൗണ്ട് എബൗട്ടിന് സമീപം കൂട്ടംകൂടിയ സാധാരണക്കാർക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ മുതൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. നിരവധി പേർക്ക് പരിക്കേറ്റു.
അതിനിടെ, ഗാസ സിറ്റിയുടെ കൂടുതൽ ഉൾഭാഗങ്ങളിലേക്ക് ഇസ്രയേൽ ടാങ്കുകളെത്തി. ഇതേത്തുടർന്ന് ആയിരക്കണക്കിന് ഫലസ്തീനികൾ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് സൈനിക നീക്കത്തിന് മുമ്പുതന്നെ ഇസ്രായേൽ സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രക്ഷപ്പെടാൻ സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്നാണ് ഫലസ്തീൻകാർ പറയുന്നത്. 23 ലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും ഇതിനകം തന്നെ പലായനം ചെയ്തുകഴിഞ്ഞു. പതിനായിരങ്ങൾ അഭയാർത്ഥി ക്യാമ്പുകളിലാണ്.
ഗാസയിലെ മരണസംഖ്യ
1.86 ലക്ഷത്തിന് മുകളിൽ
ന്യൂയോർക്ക്: ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ മരണപ്പെട്ടവരുടെ യഥാർത്ഥ കണക്ക് 1,86,000 ലക്ഷത്തിന് മുകളിൽ കടന്നേക്കുമെന്ന് പഠനം. പ്രമുഖ ആരോഗ്യ ജേണലായ ലാൻസെറ്റാണ് പഠനത്തിലാണിത്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ശേഷം ഇന്നുവരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 38,000 പലസ്തീനികൾക്ക് ജീവൻ നഷ്ടമായെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും പുറത്തെടുക്കാത്ത മൃതദേഹങ്ങളുണ്ട്. ആക്രമണങ്ങളിൽ ആരോഗ്യസംവിധാനങ്ങൾ തകർക്കപ്പെട്ടതുമൂലവും ഭക്ഷണമില്ലാതെയും മറ്റുമുണ്ടായ പരോക്ഷമായ മരണങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുന്നില്ലെന്ന് പഠനം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |