ന്യൂയോർക്ക്: യു.എസിൽ പ്രസിഡന്റിനെ പോലെ ഏറെ പ്രാധാന്യമർഹിക്കുന്നതാണ് പ്രഥമ വനിതയുടെ പദവി. ആദ്യ പ്രസിഡന്റ് ജോർജ് വാഷിംഗ്ടണിന്റെ പത്നി മാർത്ത വാഷിംഗ്ടൺ മുതൽ 46ാം പ്രസിഡന്റ് ജോ ബൈഡന്റെ പത്നി ജിൽ ബൈഡൻ വരെ നീളുന്നു പ്രഥമ വനിതകളുടെ പട്ടിക. ഭാര്യമാരുടെ അഭാവത്തിൽ മക്കളെയും ഉറ്റബന്ധുക്കളെയും പ്രസിഡന്റിന് പ്രഥമ വനിതയുടെ സ്ഥാനത്ത് നിയമിക്കാം.
235 വർഷത്തെ ചരിത്രത്തിനിടെയിൽ, ഒരു യു.എസ് പ്രഥമ വനിതയുടെ ഏറ്റവും പഴയതെന്ന് കരുതുന്ന ഫോട്ടോ ലേലത്തിൽ സ്വന്തമാക്കിയിരിക്കുകയാണ് പ്രശസ്തമായ സ്മിത്ത്‌സോണിയൻ മ്യൂസിയം. നാലാമത്തെ പ്രസിഡന്റായിരുന്ന ജെയിംസ് മാഡിസണിന്റെ ഭാര്യ ഡോളി മാഡിസണിന്റെ ഡഗറോടൈപ്പ് ഫോട്ടോയാണത്. 1846ലാകാം ഈ ചിത്രം പകർത്തിയതെന്ന് കരുതുന്നു.
ജൂണിൽ സതബീസ് ഓക്‌ഷൻ ഹൗസ് നടത്തിയ ലേലത്തിൽ 4,56,000 ഡോളറിനാണ് മ്യൂസിയം ഈ ഫോട്ടോ സ്വന്തമാക്കിയത്. ഒരു ബന്ധുവിന്റെ മരണശേഷം വീടിന്റെ ബേസ്‌മെന്റ് വൃത്തിയാക്കവെ ലഭിച്ച ഈ ഫോട്ടോ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത വില്പനക്കാർ സതബീസിന് കൈമാറുകയായിരുന്നു. ഡോളിക്ക് 78 വയസുള്ളപ്പോൾ ജോൺ പ്ലംബ് ജൂനിയർ എന്നയാളാണ് ഈ ചിത്രം പകർത്തിയത്.
1768ൽ നോർത്ത് കാരലൈനയിൽ ജനിച്ച ഡോളി 1794ലാണ് ജെയിംസ് മാഡിസണിനെ വിവാഹം ചെയ്തത്. ജെയിംസ് 1809 -1817 കാലയളവിലാണ് പ്രസിഡന്റായിരുന്നത്. ഡോളിയുടെ ഫോട്ടോ സ്മിത്ത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷന്റെ ഭാഗമായ വാഷിംഗ്ടണിലെ നാഷണൽ പൊർട്രെയ്റ്റ് ഗാലറിയിൽ കാണാം. വിവിധ പ്രഥമ വനിതകളുടെ ഏകദേശം 230 ഫോട്ടോകൾ ഇവിടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |