തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേർ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു, 173 പേർക്ക് ഡെങ്കിപ്പനിയും നാലു പേർക്ക് കോളറയും സ്ഥിരീകരിച്ചു.
പനി ബാധിച്ച് ചികിത്സ തേടിയ 44 പേർക്ക് എച്ച്1എൻ1 രോഗബാധയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 12204 പേരാണ് പുതുതായി പനി ബാധിച്ച് ചികിത്സ തേടിയത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർഹോമിൽ നാല് പേർക്കാണ് ഇന്ന് കോളറ സ്ഥിരീകരിച്ചത്. ഇവിടെ താമസിച്ചിരുന്ന 26കാരന്റെ മരണം കോളറ ബാധിച്ചാണോ എന്നതിൽ സംശയമുണ്ട്.
അതേസമയം സ്ഥിതി വിലയിരുത്താൻ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. സംസ്ഥാനത്ത് കുട്ടികളുടെയും മുതിർന്നവരുടെയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരികരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. എല്ലാ ജലസ്രോതലുകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ രോഗം ബാധിച്ചവരെ ഐരാണിമുട്ടത്തെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നുണ്ട്. കൂടുതല്‍ രോഗികളെളെ പരിചരിക്കാൻ ഇവിടെ സംവിധാനമൊരുക്കി. കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. സ്ഥാപനത്തിന്റെ തന്നെ സ്‌കൂളിലെ കുട്ടികളുടേയും ജീവനക്കാരുടേയും പട്ടിക തയ്യാറാക്കി നിരീക്ഷണം ശക്തമാക്കി. പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തുവെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |