ബംഗളുരു: കർണാടകയിൽ യെദിയൂരപ്പ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെ, പുതിയ നിയമപോരാട്ടത്തിനു വഴിതുറന്ന് 14 വിമത എം.എൽ.എമാരെക്കൂടി സ്പീക്കർ കെ.ആർ.രമേഷ് കുമാർ അയോഗ്യരാക്കി. കൂറുമാറ്റ നിയമമനുസരിച്ചാണ് നടപടി. മുൻ കോൺഗ്രസ് - ദൾ സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും വിപ്പ് ലംഘിച്ച് വിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്‌ത ഇവരെ നിയമസഭയുടെ കാലാവധി കഴിയുന്നതു വരെയാണ് അയോഗ്യരാക്കിയത്.
കോൺഗ്രസിന്റെ പതിനൊന്നും, ജെ.ഡി.എസിന്റെ മൂന്നും അംഗങ്ങളെയാണ് ഇന്നലെ അയോഗ്യരാക്കിയത്. സ്വതന്ത്രൻ അടക്കം മൂന്ന് വിമതരെ കഴിഞ്ഞ ദിവസം അയോഗ്യരാക്കിയിരുന്നു. ഇതോടെ പതിനേഴ് വിമതരും അയോഗ്യരായി. ഇവർ ഇന്ന് കോടതിയെ സമീപിച്ചേക്കും. തങ്ങളെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യുമെന്ന് വിമത അംഗം എ.എച്ച്. വിശ്വനാഥ് അറിയിച്ചു.
സഭയുടെ അംഗബലം 207 ആയും കേവലഭൂരിപക്ഷം 104 ആയും കുറഞ്ഞു. നാമനിർദ്ദേശം ചെയ്യപ്പെട്ട, വോട്ടവകാശമില്ലാത്ത അംഗം ഒഴികെ 224 അംഗങ്ങളാണ് ആകെയുള്ളത്. യെദിയൂരപ്പ സർക്കാരിന് വിശ്വാസ വോട്ട് ജയിക്കാൻ 104 പേരുടെ പിന്തുണയാണ് വേണ്ടത്. ബി.ജെ.പിക്ക് തനിച്ച് 105 എം.എൽ.എമാരുണ്ട്.
സ്വതന്ത്ര എം.എൽ.എ എച്ച്.നാഗേഷ് കൂടി ചേരുമ്പോൾ അംഗബലം 106 ആകും. കോൺഗ്രസ് - ദൾ സഖ്യത്തിന് 99 പേരും. വിശ്വാസവോട്ട് ജയിക്കാൻ ബി.ജെ.പിക്ക് പ്രയാസമുണ്ടാവില്ല.
കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടിൽ പങ്കെടുക്കാതെ മുംബയിലെ ആശുപത്രിയിൽ കഴിഞ്ഞ കോൺഗ്രസ് എം.എൽ.എ ശ്രീമന്ത് പാട്ടീൽ ഉൾപ്പെടെ 14 വിമതരാണ് ഇന്നലെ അയോഗ്യരാക്കപ്പെട്ടത്. ബി. എസ്.പിയുടെ ഏക എം.എൽ.എയെ അയോഗ്യനാക്കാൻ പാർട്ടി നൽകിയ അപേക്ഷയിൽ സ്പീക്കർ തീരുമാനമെടുത്തിട്ടില്ല.
അയോഗ്യർക്ക് വിലക്കുകൾ
അയോഗ്യരാക്കപ്പെട്ട 17 വിമതർക്കും ഇന്നത്തെ വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ല. ബി.ജെ.പി സർക്കാരിൽ മന്ത്രിമാരാകാനോ ബോർഡ്, കോർപറേഷൻ തലവന്മാരാകാനോ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനോ പറ്റില്ല. അയോഗ്യത നിയമസഭയുടെ കാലാവധി തീരും വരെയായതിനാൽ സഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് വന്നാലേ ഇവർക്ക് മത്സരിക്കാനാകൂ. സഭയ്ക്ക് മൂന്നു വർഷവും ഒൻപത് മാസവും കൂടി കാലാവധിയുണ്ട്.
സ്പീക്കറുടെ രാജി ഇന്ന് ?
യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ട് നേടിയാൽ, പിന്നാലെ സ്പീക്കർ രമേഷ് കുമാർ സ്ഥാനമൊഴിഞ്ഞില്ലെങ്കിൽ, അദ്ദേഹത്തെ അവിശ്വാസത്തിലൂടെ മാറ്റാനാണ് ബി.ജെ.പിയുടെ നീക്കം. വിശ്വാസവോട്ടെടുപ്പിന് പിന്നാലെ ഇന്ന് തന്നെ സ്പീക്കർ സ്ഥാനമൊഴിയാനാണ് സാദ്ധ്യത.
''രാജി സ്വമേധയാ ആണെന്ന് തന്നെ ബോദ്ധ്യപ്പെടുത്താൻ വിമതർക്ക് കഴിഞ്ഞില്ല. അതിനാലാണ് അയോഗ്യരാക്കാൻ തീരുമാനമെടുത്തത്. കൂറുമാറ്റനിരോധന നിയമം ലംഘിച്ചതിനു വ്യക്തമായ തെളിവുള്ളതിനാലാണ് അയോഗ്യത. ഇതിനെതിരെ വിമതർക്ക് ഹൈക്കോടതിയെയോ സുപ്രീം കോടതിയെയോ സമീപിക്കാം. ''
--കെ.ആർ രമേഷ് കുമാർ
സ്‌പീക്കർ
ഇന്നലെ അയോഗ്യരായവർ
കോൺഗ്രസ് : പ്രതാപ് ഗൗഡ പാട്ടീൽ ശിവറാം ഹെബ്ബാർ, ബി.സി. പാട്ടീൽ, ബി. ബാസവരാജ്, എസ്.ടി. സോമശേഖർ, കെ.സുധാകർ, എം.ടി.ബി. നാഗരാജ്, ശ്രീമന്ത് പാട്ടീൽ, റോഷൻ ബെയ്‍ഗ് , ആനന്ദ് സിങ് , മുനിരത്‌ന.
ജെ.ഡി.എസ്: എ.എച്ച്. വിശ്വനാഥ്, നാരായണ ഗൗഡ, കെ.ഗോപാലയ്യ.
കഴിഞ്ഞദിവസം അയോഗ്യരായവർ: രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി (കോൺഗ്രസ്), ആർ.ശങ്കർ (കെ.പി.ജെ.പി ) മൂന്നുപേരും അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
കക്ഷിനില
ബി.ജെ.പി: 105 + ഒരു സ്വതന്ത്രൻ
കോൺഗ്രസ്: 65
ജെ.ഡി.എസ് :34
ജെ.ഡി.എസ് - കോൺഗ്രസ് സഖ്യം: 99
ബി. എസി. പി വിമതൻ - 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |