സോഷ്യൽ മീഡിയകളിലൂടെയുള്ള ട്രോളുകളുടെ കാലഘട്ടത്തിലൂടെയാണ് നമ്മൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ സിനിമാ താരങ്ങളെയും വിവിധ മേഖലകളിൽ അറിയപ്പെടുന്നവരെയും മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലുള്ള ട്രോളുകൾക്കെതിരെ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നമിത പ്രമോദ്. വാ തുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണ് ഇതെന്നും എന്നാൽ അത് അത്ര നല്ല പ്രവണതയല്ലെന്നും നമിത പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം വ്യക്തമാക്കിയത്.
ഇവർ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നതാണ്. ഒരാളുടെ വികാരങ്ങളെ ഒരിക്കലും വിൽക്കുന്നത് നല്ലതല്ല. നായികമാരോ അല്ലെങ്കിൽ വനിത ആർട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതൽ ട്രോൾ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും കാണുമ്പോൾ നമ്മൾ ചിരിച്ചിരിക്കും. അതിനർത്ഥം നമ്മൾ എപ്പോഴും സന്തോഷത്തോടെയാണെന്നല്ലെന്നും നമിത പറഞ്ഞു.
ഇതൊന്നും വിദ്യാഭ്യാസമില്ലായ്മയുടെ പ്രശ്‌നമല്ല. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികൾക്കായി അവബോധ ക്ലാസുകൾ നടക്കുന്നുണ്ട്. നല്ലതും മോശവുമായ സ്‌പർശനത്തെക്കുറിച്ച് മനസിലാക്കി കൊടുക്കുന്നുണ്ട്. നോ എന്ന് പറഞ്ഞാല്‍ അത് അങ്ങനെ തന്നെ ആയിരിക്കണം. സിനിമക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന ഗുണമെന്തെന്നാൽ പൊതുവായ സ്ഥലങ്ങളിൽ വച്ച് ഞങ്ങൾക്ക് ഇതേക്കുറിച്ചൊക്കെ സംസാരിക്കാന്‍ അവസരം ലഭിക്കുന്നു എന്നതാണ്. അങ്ങനെ സംസാരിക്കുമ്പോൾ അതിനെ ജാഡയെന്നും മറ്റും വ്യാഖ്യാനിക്കാതെ അതിൽ കാര്യമുണ്ടോ എന്നാണ് നോക്കേണ്ടത്.- നമിത കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |