ജില്ലാ ഓഫീസുകളില്ലാതെ പിന്നാക്ക ക്ഷേമ വകുപ്പ്
ധനമന്ത്രി അഞ്ച് തവണ മടക്കി 145 ഉദ്യോഗസ്ഥർ കൈവച്ചു
കൊച്ചി: സംസ്ഥാനത്തെ 65 ശതമാനം വരുന്ന പിന്നാക്ക ജനതയ്‌ക്കായി 12 വർഷം മുമ്പ് തുടങ്ങിയ പിന്നാക്കക്ഷേമ വകുപ്പിന് ഇതുവരെ ഒരു ജില്ലാ ഓഫീസ് പോലുമില്ല. രണ്ടും മൂന്നും ജില്ലകൾ താണ്ടി മേഖലാ ഓഫീസിലെത്തിയാലേ ആനുകൂല്യം ലഭിക്കൂ.
ജില്ലാ ഓഫീസുകൾക്ക് അനുമതി തേടി ഭരണവകുപ്പിൽ 2021 ഒക്ടോബറിൽ തുറന്ന ഫയൽ അഞ്ചു വട്ടം ധനമന്ത്രി മടക്കി. രണ്ടു തവണയും മുഖ്യമന്ത്രി അയച്ചതാണ്. ഒരു വട്ടം ചീഫ് സെക്രട്ടറിക്കാണ് മുഖ്യമന്ത്രി നൽകിയത്. ഭരണവകുപ്പിലും ധനവകുപ്പിലുമായി 145 തവണ ഉദ്യോഗസ്ഥർ കൈവച്ചിട്ടും ഗതികിട്ടാതെ അലയുകയാണ് BCDD-A1/345/2021 എന്ന ഫയൽ.
പിന്നീട് പരിഗണിക്കാമെന്നെഴുതി രണ്ടു വട്ടവും തിരഞ്ഞെടുപ്പ് കഴിഞ്ഞ് സമർപ്പിക്കാൻ നിർദ്ദേശിച്ച് ഒരു വട്ടവും ധനമന്ത്രി ഫയൽ മടക്കി. സാധാരണ, മൂന്നു വട്ടം മടക്കിയാൽ മന്ത്രിസഭാ തീരുമാനത്തിന് വിടുകയാണ് പതിവ്. വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ സ്ഥാനമൊഴിയും മുമ്പ് കഴിഞ്ഞമാസം 13ന് മുഖ്യമന്ത്രിക്ക് വീണ്ടും ഫയൽ അയച്ചിരുന്നു. മുഖ്യമന്ത്രി 27ന് അത് വീണ്ടും ധനമന്ത്രിക്ക് വിട്ടു. മന്ത്രി മടക്കിയ ഫയൽ ഇപ്പോൾ ധനവകുപ്പ് അണ്ടർസെക്രട്ടറിയുടെ പക്കലാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പിന്നാക്ക വിഭാഗ ഫണ്ട് കൃത്യമായി വിതരണം ചെയ്യാൻ ജില്ലാ ഓഫീസുകൾ അനിവാര്യമാണ്. തിരുവനന്തപുരത്തെ ആസ്ഥാനത്തിന് പുറമേ കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലാ ഓഫീസുകൾ വഴിയാണ് പ്രവർത്തനം.
ഈ വർഷം
എട്ട് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ
12 വികസന ആനുകൂല്യങ്ങൾ
സംസ്ഥാന പദ്ധതി - 303.51 കോടി
കേന്ദ്രപദ്ധതി - 107.81കോടി
സ്കോളർഷിപ്പുകൾ
ഒ.ഇ.സി. സ്കോളർഷിപ്പ് - 295 കോടി, അപേക്ഷകർ - 5.75 ലക്ഷം
പി.എം.യശസ്വി സ്കോളർഷിപ്പ് - 169 കോടി, അപേക്ഷകർ - 2.15 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |