മുംബയ്: ഈ മാസം അവസാനം ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ വിരമിച്ച ഒഴിവില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യയുടെ പുതിയ ട്വന്റി 20 ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മ തന്നെ ടീമിനെ നയിക്കും. രണ്ട് ഫോര്‍മാറ്റുകളിലും ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയെന്നതാണ് ശ്രദ്ധേയമായ മറ്റൊരു മാറ്റം. യുവ താരം ശുഭ്മാന്‍ ഗില്‍ ആണ് ഏകദിന ട്വന്റി 20 ടീമുകളില്‍ ഇന്ത്യയുടെ പുതിയ ഉപനായകന്‍. അടുത്തിടെ സിംബാബ്‌വെയില്‍ പര്യടനം നടത്തിയ യുവനിരയെ ഗില്‍ ആണ് നയിച്ചത്.
മലയാളി താരം സഞ്ജു വി സാംസണ്‍ ടി20 ടീമില്‍ ഇടം നേടിയെങ്കിലും ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ റിയാന്‍ പരാഗ് രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ഇന്ത്യന്‍ ടീം കളിക്കുന്ന ആദ്യ പരമ്പരയാണ് ശ്രീലങ്കയിലേത്. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി എന്നിവര്‍ ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റിയാന്‍ പരാഗിന് പുറമേ, ശിവം ദൂബെ, ഹര്‍ഷിത് റാണ എന്നിവരും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കിയപ്പോള്‍ ബിസിസിഐ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ശ്രേയസ് അയ്യര്‍ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. രോഹിത് ശര്‍മ്മ, വിരാട് കൊഹ്ലി എന്നിവര്‍ക്കും വിശ്രമം നല്‍കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് മൊത്തം ആറ് ഏകദിനങ്ങള്‍ മാത്രമേ ടീം കളിക്കുന്നുള്ളൂവെന്നത് പരിഗണിച്ച് ഇരുവരും പര്യടനത്തില്‍ ഉള്‍പ്പെടണമെന്ന് പരിശീലകന്‍ ഗംഭീര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ബിസിസിഐ പ്രഖ്യാപിച്ച ടീം ഇങ്ങനെ
ട്വന്റി 20: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശ്വസി ജയ്‌സ്‌വാള്‍, റിങ്കു സിംഗ്, റിയാന്‍ പരാഗ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദൂബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.
എകദിനം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കൊഹ്ലി, കെ.എല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ശിവം ദൂബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |