കോട്ടയം: ഒരു വർഷം മുമ്പ് ഇതേ ദിവസം ഉമ്മൻചാണ്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ജനസഞ്ചയത്തിന്റെ പരിച്ഛേദമായിരുന്നു അദ്ദേഹത്തിന്റെ ഒന്നാം ചരമദിനമായ ഇന്നലെ പുതുപ്പള്ളി പള്ളിയിലെ കല്ലറയ്ക്കലേയ്ക്ക് ഒഴുകി എത്തിയത്.
തകർത്തു പെയ്ത മഴ വക വയ്ക്കാതെ പൂക്കൾ അർപ്പിച്ചും മെഴുകുതിരി കത്തിച്ചും കുർബാനയിലുമെല്ലാം പങ്കെടുത്തവരിൽ ഏറെയും നേതാക്കളായിരുന്നില്ല കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ഉമ്മൻചാണ്ടിയുടെ കരുതലും കാരുണ്യവുമേറ്റുവാങ്ങി അദ്ദേഹത്തെ നെഞ്ചോടു ചേർത്തുപിടിച്ച സാധാരണക്കാരായിരുന്നു. ഉമ്മൻ ചാണ്ടി മരിക്കുന്നില്ല എന്ന് വിളിച്ചു പറഞ്ഞ് പലരും കല്ലറയ്ക്കു മുമ്പിൽ വിതുമ്പി. കേരളത്തിൽ മറ്റൊരു നേതാവിനും കിട്ടാത്ത ആദരവും സ്നേഹവുമായിരുന്നു ഒന്നാം ചരമവാർഷിക ദിനത്തിലും ഉമ്മൻചാണ്ടിക്ക് ലഭിച്ചത്. രാഷ്ടീയ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർക്കു പുറമേ . ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, അച്ചു ഉമ്മൻ, പേരക്കുട്ടികൾ,ബന്ധുക്കൾ എന്നിവരെല്ലാം പ്രാർത്ഥനയിലും വിവിധ ചടങ്ങുകളിലും പങ്കെടുത്തു
പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെ കബറിടത്തിൽ പുലർച്ചെ മുതൽ പ്രാർത്ഥനയുണ്ടായിരുന്നു. പള്ളി ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്ത അനുസ്‌മരണ സമ്മേളനം, ളാക്കാട്ടൂരിൽ 50 ലക്ഷം ചെലവഴിച്ചു നിർമിച്ച സ്‌പോർട്സ് അരീന ഉദ്ഘാടനം, അവിടെ എം.എൽഎമാരുടെ ഫുട്ബാൾ മത്സരം, ഉമ്മൻചാണ്ടി മെമ്മോറിയൽ എക്സലൻസ് അവാർഡ് വിതരണം, സ്കോളർഷിപ്പ് വിതരണം, ഭവനരഹിതർക്കായി ലഭിച്ച ഒരേക്കർ ഭൂമിയുടെ സമ്മതപത്രം കൈമാറൽ, മാമൻമാപ്പിള ഹാളിൽ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം, ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനം ,ഉമ്മൻചാണ്ടി മെമ്മോറിയൽ ഡി.സി.സി ഓഫീസ് കെട്ടിട സമുച്ചയ നിർമാണ പ്രഖ്യാപനം, ഉമ്മൻചാണ്ടിയുടെ ജീവീതത്തിലെ അനർഘ നിമിഷങ്ങൾ പകർത്തിയ ഫോട്ടോ പ്രദർശനം,കബറിടത്തിൽ നിന്ന് ദീപശിഖാ പ്രയാണം തുടങ്ങിയ പരിപാടികൾ. ഇതിന് പുറമേ ആയിരത്തിലേറെ ബൂത്തു കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും ജില്ലയിലുടനീളം ഇന്നലെ ഉമ്മൻചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനാഥ മന്ദിരങ്ങളിൽ അന്നദാനവും അനുസ്മരണ പരിപാടികളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |