തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ജീവചരിത്ര ഗ്രന്ഥം 'വിസ്മയ തീരത്ത് ' നാളെ രാവിലെ 10ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകാശനം ചെയ്യും. ഉമ്മൻചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറി പി.ടി.ചാക്കോയാണ് പുസ്തകത്തിന്റെ രചയിതാവ്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രിമാരായ കെ.സി ജോസഫ്,എം.എം ഹസൻ,കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക്, എം.രഞ്ജിത് എന്നിവർ പങ്കെടുക്കും.
2004 മുതൽ ഉമ്മൻ ചാണ്ടിയോടൊപ്പമുണ്ടായിരുന്ന പി.ടി ചാക്കോയുടെ അനുഭവകുറിപ്പുകളാണ് ഉള്ളടക്കം. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും രണ്ടു തവണ മുഖ്യമന്ത്രിയുമായ കാലഘട്ടം ഇതിൽ വിവരിക്കുന്നു. ജനസമ്പർക്ക പരിപാടിയുടെ ആസൂത്രണം, യു.എൻ അവാർഡിനെ താഴ്ത്തിക്കെട്ടാൻ ഇടതുപക്ഷം ആഗോളതലത്തിൽ നടത്തിയ പ്രചാരണം, വെല്ലുവിളികൾ നേരിട്ട് വൻകിട പദ്ധതികൾ നടപ്പാക്കിയതിലെ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം, സോളാർ കൂടാതെ അര ഡസനോളം കേസുകൾ തുടങ്ങിയവ പ്രതിപാദിച്ചിട്ടുണ്ട്. 2011ലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പിന്നിലെ നാടകീയ നീക്കം, മദ്യനയം പ്രഖ്യാപിക്കാൻ നിർബന്ധിതനായത്, കടുംവെട്ട് വിവാദം, കേരളത്തെ ഇളക്കിമറിച്ച അന്ത്യയാത്ര തുടങ്ങിയവയുണ്ട്. 412 പേജുള്ള ജീവചരിത്രം ഡി.സി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. ഉമ്മൻ ചാണ്ടിയെക്കുറിച്ച് പി.ടി. ചാക്കോയുടെ ആറാമത്തെ പുസ്തകമാണിത്. മൂന്നു കുഞ്ഞൂഞ്ഞു കഥകൾ, ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്രങ്ങൾ എന്നിവ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |