ടോക്കിയോ: ചിരി ആരോഗ്യത്തിന് നല്ലതാണെന്ന് കേൾക്കാത്തവർ ആരും കാണില്ല. ചിരിക്കുന്നത് ആയുസ് കൂട്ടുമെന്നും പണ്ടുമുതൽ കേൾക്കുന്നതാണ്. നമ്മുടെ മനസിനെയും ശരീരത്തെയും ഉന്മേഷത്തോടെയും ആത്മവിശ്വാസത്തോടെയും സൂക്ഷിക്കാൻ ചിരിക്ക് കഴിയും. നമ്മുടെ ചിരിച്ച മുഖം കാണുന്നത് മറ്റുള്ളവർക്കും സന്തോഷമേകും. ഇപ്പോഴിതാ ചിരിക്കുന്നവർക്ക് പ്രോത്സാഹനവുമായി രംഗത്തെത്തിയിരിക്കുകയാണ് വടക്കൻ ജപ്പാനിലെ യമഗാത പ്രവിശ്യ.
സ്വന്തം ആരോഗ്യം സൂക്ഷിക്കാൻ ദിവസം ഒരുതവണയെങ്കിലും ജനങ്ങൾ പൊട്ടിച്ചിരിക്കണമെന്നാണ് പ്രവിശ്യ ഭരണകൂടത്തിന്റെ നിർദ്ദേശം. ഇത് സംബന്ധിച്ച ബിൽ പാസാക്കുകയും ചെയ്തു. ചിരി ഹൃദയാഘാത സാദ്ധ്യത കുറയ്ക്കുമെന്ന് മുമ്പ് ജേണൽ ഒഫ് എപ്പിഡെമിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രീയ പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇതിനെ അടിസ്ഥാനമാക്കിയാണ് പ്രവിശ്യയിൽ ഇങ്ങനെയൊരു നിയമം കൊണ്ടുവന്നത്. പ്രവിശ്യയിലെ യമഗാത യൂണിവേഴ്സിറ്റി സ്‌കൂൾ ഒഫ് മെഡിസിനിൽ നിന്നുള്ള സംഘമായിരുന്നു ഈ പ്രബന്ധത്തിന് പിന്നിൽ. ചിരി മനുഷ്യശരീരത്തിൽ സൃഷ്ടിക്കുന്ന ഗുണങ്ങളുടെ തെളിവുകളും ഇവർ വിശദീകരിക്കുന്നുണ്ട്.
ഏതായാലും പ്രവിശ്യയിലെ ജനങ്ങൾ ദിവസം ഒരിക്കലെങ്കിലും ചിരിക്കണം. ഇതിനുള്ള പ്രോത്സാഹനമെന്ന നിലയ്ക്ക് എല്ലാ മാസവും എട്ടാം തീയതി ചിരി ദിനം ആചരിക്കും. ജോലി സ്ഥലങ്ങളിൽ ജീവനക്കാർക്ക് 'ചിരി നിറഞ്ഞ അന്തരീക്ഷം" ഒരുക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേ സമയം, നിർദ്ദേശത്തിനെതിരെ ഒരു വിഭാഗം രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. ചിരി എന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ ഒന്നാണെന്നും ചിരിക്കണോ വേണ്ടയോ എന്നത് ഒരാളുടെ സ്വന്തം ഇഷ്ടമാണെന്നും ഇവർ പറയുന്നു. രോഗങ്ങൾ മൂലമോ മറ്റ് അവസ്ഥകൾ മൂലമോ പൊട്ടിച്ചിരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇത് പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |