ആലപ്പുഴ : നാട്ടിലാകെ പറന്ന് നടന്ന് മോഷണം നടത്തിവന്ന പക്കി സുബൈറെന്ന കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പൊക്കിയത് നാടിനാകെ ആശ്വാസമാകുമ്പോഴും ജില്ലയിൽ പ്രമാദമായ മോഷണക്കേസുകളിലെ പ്രതികളെ ഇനിയും കണ്ടെത്താൻ കഴിയാത്തത് അന്വേഷണസംഘത്തിന് നാണക്കേടാകുന്നു.
ഒരുവർഷം മുമ്പ് നഗരത്തിൽ വീട്ടമ്മയുടെ കഴുത്തിൽ കുരുക്കിട്ട് മാലപൊട്ടിച്ചുകടന്ന കേസ് മുതൽ ഏറ്റവും ഒടുവിൽ മുഹമ്മയിൽ സ്കൂട്ടർ യാത്രക്കാരി പ്രസീദയെ ഇടിച്ചുവീഴ്ത്തി മാലപൊട്ടിച്ചതുവരെ മൂന്ന് കേസുകളിലാണ് തുമ്പില്ലാതെ പൊലീസ് കുഴയുന്നത് . 2023 ജൂലായ് 19ന് രാവിലെ 10.30നാണ് പഴവീട് ശിവനാരായണിയിൽ മനോജിന്റെ ഭാര്യ സിന്ധുവിന്റെ മൂന്നരപ്പവന്റെ മാല, വീടിന്റെ മുകളിലത്തെ നില വാടകയ്ക്കെടുക്കാനെന്ന വ്യാജേന എത്തിയ യുവാവ് കഴുത്തി കുരുക്കിട്ട ശേഷം പൊട്ടിച്ചെടുത്തു കടന്നത്.
മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ 18,000കോളുകൾ ഉണ്ടായിരുന്നെങ്കിലും അത് പൂർണ്ണമായും പരിശോധിക്കാനായില്ല. പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന് പ്രതിയുമായി ഒരു സാമ്യവുമില്ലായിരുന്നു.
മാസങ്ങൾക്ക് മുമ്പ് നഗരത്തിലെ ആളില്ലാതിരുന്ന വീട്ടിൽ നിന്ന് 18പവനും 16000രൂപയും കവർന്ന കേസിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ആലപ്പുഴ ബീച്ച് റോഡിൽ ശിശുവികാസ് ഭവന് സമീപമുള്ള അനന്തരാജന്റെ ക്ലബ് ഹൗസ് വസതിയിലായിരുന്നു മോഷണം.
മാല കിട്ടി, കള്ളൻ കടന്നു
മോഷണശ്രമം മനസിലേൽപ്പിച്ച ആഘാതത്തിൽ നിന്ന് കളപ്പുര നീലിപ്പറമ്പ് വീട്ടിൽ സരസമ്മയും (78) മുക്തയല്ല. 2023 ഒക്ടോബർ 4ന് പട്ടാപ്പകലായിരുന്നു ആറാട്ടുവഴി പാലത്തിന് സമീപം മാടക്കട നടത്തുന്ന സരസമ്മയ്ക്കു നേരെ
മോഷണ ശ്രമമുണ്ടായത്. പേനയുണ്ടോയെന്ന് ചോദിച്ചെത്തിയ ഹെൽമറ്റ്ധാരിയായ അജ്ഞാതൻ കടയ്ക്കുള്ളിൽ കടന്ന് സരസമ്മയുടെ മുക്കാൽപവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ ആദ്യംപകച്ചെങ്കിലും സരസമ്മ കള്ളനെ വിട്ടില്ല, പിന്നാലെ ഓടി. സ്‌കൂട്ടർ തടഞ്ഞ് നിർത്തി മാല പിടിച്ചുവാങ്ങി. സരസമ്മയുടെ നിലവിളി കേട്ട് സമീപവാസികളായ ഷാജിയും ഭാര്യ ജിജിയും ഓടിയെത്തിയപ്പോഴേക്കും കള്ളൻ സ്‌കൂട്ടറിൽ രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |