പട്ടാമ്പി: മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കുലുക്കല്ലൂർ മുളയൻകാവ് ബേബി ലാൻഡ് ആനന്ദിനെ(39) പട്ടാമ്പി പൊലീസ് അറസ്റ്റു ചെയ്തു.
ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് മുതുതല സ്വദേശിയായ കിഷോർ എന്നയാളിൽ നിന്നും പ്രതിയായ ആനന്ദ് വിവിധ തവണകളിലായി 61 ലക്ഷം രൂപ വാങ്ങിയിരുന്നു. തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ സർക്കാരിൽ നിന്നും തനിക്ക് 64 കോടി ലഭിക്കാനുണ്ടെന്ന് മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടതായുള്ള വ്യാജ രേഖകൾ ഉണ്ടാക്കി കാണിച്ച് കൊടുത്തു. ഇക്കാര്യങ്ങൾ വേഗത്തിലാക്കുന്നതിന് വേണ്ടി പൊതുമരാമത്ത് മന്ത്രിക്ക് പേ ടി.എം വഴി 98000 രൂപ അയച്ചു കൊടുത്തിട്ടുണ്ട് എന്നും പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിച്ചു. എന്നാൽ ഇക്കാര്യത്തിൽ സംശയം തോന്നിയ കിഷോർ പട്ടാമ്പി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട് പരിശോധിച്ചപ്പോൾ വ്യാജ രേഖകൾ നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും മറ്റ് തെളിവുകളും കണ്ടെത്തി. ഇതേ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി സമാന രീതിയിൽ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. പട്ടാമ്പി പൊലീസ് ഇൻസ്‌പെക്ടർ പി.കെ.പത്മരാജൻ, എസ്.ഐമാരായ മണികണ്ഠൻ, കെ.മധുസൂദനൻ, എ.എസ്.ഐ എൻ.എസ്.മണി, സൈബർ സെൽ ഉദ്യോഗസ്ഥനായ വിനീത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |