കൊച്ചി: ചെറുത്തുനിൽപ്പ് പോലുമില്ലാതെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി.എസ്) പിടിയിലായതിനാൽ വീരപരിവേഷം നഷ്ടമായെന്ന് മാവോയിസ്റ്റ് നേതാവ് മനോജ്. കസ്റ്റഡിയിലെടുത്ത് ചോദ്യംഹചെയ്യവെയാണ് ഇയാൾ ഇക്കാര്യം തുറന്നുപറഞ്ഞത്.
നിരായുധനായി സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിലിരിക്കെ വ്യാഴാഴ്ചയാണ് തൃശൂർ ഏവണ്ണൂർ പടിഞ്ഞാറത്തറവീട്ടിൽ മനോജ് (31) എ.ടി.എസിന്റെ പിടിയിലായത്.
പഠിക്കാൻ മിടുക്കനായിരുന്ന മനോജിന് പട്ടാളക്കാരനാകണമെന്നായിരുന്നു ആഗ്രഹം.
കോഴിക്കോട് എൻജിനിയറിംഗ് കോളേജിൽ എത്തിയതോടെയാണ് തീരുമാനങ്ങൾ മാറ്റുന്നതും മാവോയിസ്റ്റ് അനുഭാവികളുമായി അടുക്കുന്നതും. മാവോയിസ്റ്റ് കബനിദളത്തിന്റെ ഗോറില്ല ആർമി നേതാവാണ് ഇയാളെന്നാണ് വിവരം. ഇന്നലെ സായുധസംഘത്തിന്റെ അകമ്പടിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
എ.ടി.എസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടത്.മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയ ഇയാൾ കസ്റ്റഡിയിൽ മർദ്ദനമേറ്റതായി കോടതിയോട് പറഞ്ഞു. തുടർന്ന് കോടതി എ.ടി.എസിനോട് മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടു. അഭ്യസ്തവിദ്യനായ മനോജ് 2022ലാണ് കാടു കയറിയത്. കമ്പമലയിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് ഇയാൾ കബനിദളത്തിനൊപ്പമെന്ന് എ.ടി.എസ് ഉറപ്പിച്ചത്. ഇതിനു ശേഷമാണ് തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ റഡാറിലേക്ക് എത്തുന്നത്.
കോളേജ് പഠനകാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എൻജിനിയറിംഗിന് പഠിക്കെയാണ് മാവോയിസ്റ്റ് അനുഭാവികളുമായി ബന്ധം സ്ഥാപിക്കുന്നത്. കുടുംബം സാമ്പത്തിക ഭദ്രതയിലായതിനാലാണ് അവരെയെല്ലാം വിട്ട് കാടുകയറിയതെന്നാണ് ഇയാളുടെ മൊഴി. സുഹൃത്തുകളൊന്നും ഇല്ലാതെ കഴിയുന്നത് മാനസികമായി തളർത്തിയെന്നും മറ്റു പല മാവോയിസ്റ്റ് അംഗങ്ങളും നവമാദ്ധ്യമങ്ങളിൽ സജീവമാണെന്നും ഇയാൾ മൊഴി നൽകി.
14 യു.എ.പി.എ കേസുകളിൽ പ്രതിയാണ് മനോജ്. ബ്രഹ്മപുരത്തു നിന്ന് സംഘടനാ പ്രവർത്തനത്തിനും മറ്റുമായി പണവുമായി മടങ്ങുമ്പോഴായിരുന്നു അറസ്റ്റ്. സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ എസ്.പി തപോഷ് ബസുമതാരിയുടെ കീഴിലുള്ള സംഘമാണ് പിടി കൂടിയത്. പണം നൽകിയ ആളെയടക്കം കണ്ടെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |