കോഴിക്കോട്: വെള്ളത്തിലും കരയിലും ഒരുപോലെ തെരച്ചിൽ നടത്തണമെന്ന് അർജുന്റെ സഹോദരി അഞ്ജു. ഏത് രീതിയിലാണ് അർജുനെ കിട്ടുകയെന്ന് അറിയില്ലെന്നും വിശ്വാസമൊക്കെ നഷ്ടപ്പെട്ടെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഇന്നും കൂടി നമുക്ക് ഒരു തുമ്പ് കിട്ടിയില്ലെങ്കിൽ എന്ത് രീതിയിലാണ് അവനെ കിട്ടുകയെന്നറിയില്ല. നമുക്ക് കാണാൻ പറ്റുമോയെന്നുമറിയില്ല. ഞങ്ങൾക്ക് ചെറിയൊരു തുമ്പ് കിട്ടണം. അല്ലാതെ തിരിച്ചുവരില്ലെന്നാണ് അവിടെ നിൽക്കുന്നവർ പറയുന്നത്. രക്ഷാപ്രവർത്തനത്തിൽ വിശ്വാസമില്ല. എന്തുകൊണ്ടാണ് അവർ വൈകിപ്പിക്കുന്നതെന്ന് നമുക്കറിയില്ല. ആരെയും കുറ്റപ്പെടുത്താനില്ല. നിങ്ങൾ എല്ലാവരുടെയും ഇടപെടൽ കൊണ്ടാണ് സന്നാഹങ്ങളെല്ലാം അവിടെയെത്തിയത്. ആരെയും കുറ്റം പറയുന്നില്ല. ഏഴ് ദിവസമായി, ഒരാഴ്ച...
വെള്ളത്തിലും കരയിലും ഒരേ മാതിരി തന്നെ തെരച്ചിൽ നടത്തണം. എന്തായാലും വണ്ടി അവിടെത്തന്നെയുണ്ട്. ജി പി എസ് ലൊക്കേഷനിൽ തന്നെ നിൽക്കണമെന്നില്ലല്ലോ. മുന്നോട്ടോ ബാക്കിലോട്ടോ സൈഡിലോട്ടോ ഒക്കെ പോകാം.അവൻ അവിടെയുണ്ട്, ഇവിടെയുണ്ടെന്നൊക്കെയാണ് പ്രതീക്ഷ. എന്നാൽ വിശ്വാസമൊക്കെ നഷ്ടപ്പെട്ടു. മണ്ണിന്റെ അടിയിൽ തന്നെ ഉണ്ടാകാനാണ് സാദ്ധ്യത.'- അഞ്ജു പറഞ്ഞു.
അതേസമയം, ഗംഗാവലി പുഴയിൽ സ്‌കൂബ ഡൈവേഴ്സ് തെരച്ചിൽ നടത്തുകയാണ്. മൺകൂനയുള്ള സ്ഥലത്താണ് തെരച്ചിൽ. പരിശോധനയ്ക്കായി നാവികസേന കൂടുതൽ ഉപകരണങ്ങൾ എത്തിക്കും. അർജുന്റെ വാഹനം വെള്ളത്തിൽ തന്നെയായിരിക്കാമെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ പ്രതികരിച്ചു. കരയിലുണ്ടാകാൻ 99 ശതമാനവും സാദ്ധ്യതയില്ലെന്ന് അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |