SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.52 PM IST

കാനഡയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു; ആസൂത്രിത കൊലപാതകമെന്ന് സംശയം

Increase Font Size Decrease Font Size Print Page
chandan-kumar-raja

ബംഗളൂരു/ടൊറന്റോ: കാനഡയിലെ ടൊറന്റോയിലുണ്ടായ വെടിവയ്പ്പിൽ കർണാടക സ്വദേശിയായ ടെക്കിക്ക് ദാരുണാന്ത്യം. ബംഗളൂരു നെലമംഗല സ്വദേശി ചന്ദൻ കുമാർ രാജ നന്ദകുമാർ (37) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ടൊറന്റോയിലെ വുഡ്‌ബൈൻ ഷോപ്പിംഗ് മാളിന്റെ പാർക്കിംഗ് ഏരിയയിലായിരുന്നു സംഭവം.


സെന്ററിനടുത്ത് പാർക്ക് ചെയ്തിരുന്ന തന്റെ കാറിൽ ഇരിക്കുമ്പോഴാണ് ചന്ദന് നേരെ അക്രമികൾ വെടിയുതിർത്തത്. സ്ഥലത്തെത്തിയ പൊലീസ് ചന്ദനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ നിരവധി വെടിയുണ്ടകൾ തറച്ച പാടുകളുണ്ട്. കരുതിക്കൂട്ടി ചെയ്ത കൊലപാതകമാണിതെന്നാണ് ടൊറന്റോ പൊലീസിന്റെ പ്രാഥമിക നിഗമനം.

എൽടിഐ മൈൻഡ്ട്രീ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ചന്ദൻ ആറുവർഷം മുമ്പാണ് കാനഡയിലേക്കെത്തിയത്. ബംഗളൂരു സപ്തഗിരി കോളേജിൽ നിന്നായിരുന്നു ബിരുദം പൂർത്തിയാക്കിയത്. ബംഗളൂരുവിൽ നിന്ന് 47കിലോമീറ്റർ അകലെയുള്ള ത്യാമഗൊണ്ട്ലുവെന്ന കൊച്ചുഗ്രാമത്തിലാണ് ചന്ദന്റെ കുടുംബം. ഏക മകനായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും ചന്ദൻ വിളിച്ചിരുന്നുവെന്നും അവധിക്ക് നാട്ടിലെത്തിയാൽ വിവാഹം കഴിക്കാമെന്ന് ഏറ്റിരുന്നതായും പിതാവ് നന്ദകുമാർ പറഞ്ഞു. കാനഡയിൽ കന്നഡ അസോസിയേഷൻ രൂപീകരിക്കാനുള്ള ചന്ദന്റെ ശ്രമങ്ങളാണോ കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കൾ സംശയിക്കുന്നുണ്ടെങ്കിലും പൊലീസ് അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ടൊറന്റോ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ വർഷം ടൊറന്റോയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കൊലപാതകമാണിത്.

TAGS: CASE DIARY, SHOTDEAD, CANADA, TORONTO, KARNATAKA NATIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY