കൊച്ചി: കേരള ആരോഗ്യ സർവകലാശാല 24 സർക്കാർ - സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.എസ്സി നഴ്സിംഗ് പരീക്ഷാഫലം തടഞ്ഞുവച്ചത് വിദ്യാർത്ഥികളെ ആശങ്കയിലാക്കി. 1369 പേരുടെ ഫലമാണ് തടഞ്ഞത്.
ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം ജൂലായ് 17 നാണ് പ്രസിദ്ധീകരിച്ചത്. 2023-24ൽ ആരംഭിച്ച പുതിയ നഴ്സിംഗ് കോളേജുകളിലെയും സീറ്റ് വർദ്ധന നടത്തിയ കോളേജുകളിലെയും ഫലമാണ് തടഞ്ഞുവച്ചത്. ഭൂരിഭാഗവും സർക്കാർ കോളേജുകളും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളുമാണ്.
കോളേജുകൾക്ക് 2023-24 ൽ അംഗീകാരം നൽകിയപ്പോൾ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരം നേടി കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാലാണ് ഫലം തടഞ്ഞതെന്ന് സർവകലാശാലാ അധികൃതർ പറഞ്ഞു. പുതിയ കോളേജ് ആരംഭിക്കാൻ കേരള നഴ്സിംഗ് കൗൺസിൽ, ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ എന്നിവയുടെ അംഗീകാരം നേടിയശേഷം സർവകലാശാല അംഗീകാരം നൽകിയാൽ മതിയെന്നാണ് വ്യവസ്ഥ.
ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ അനുമതി ലഭിക്കും മുമ്പേ പ്രവേശനത്തിന് സർവകലാശാല താത്കാലിക അനുമതി നൽകിയിരുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. 9,000ത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ആദ്യ സെമസ്റ്റർ പരീക്ഷയുടെ ഫലം വരാത്തത് വിദ്യാർത്ഥികളെ മാനസികസമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സർവകലാശാല, കേരളാ നഴ്സിംഗ് കൗൺസിൽ, ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ എന്നിവയ്ക്ക് നിവേദനം നൽകിയെങ്കിലും അനുകൂലനടപടി സ്വീകരിച്ചിട്ടില്ല.
അമൽ വർഗീസ്
ചെയർപേഴ്സൺ
സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ
മലബാർ ഡിസ്റ്രലറീസ് ബ്രാൻഡി
യൂണിറ്രിന് ഭരണാനുമതി
ശ്രീകുമാർപള്ളീലേത്ത്
തിരുവനന്തപുരം: പാലക്കാട് ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറീസിൽ (പഴയ ചിറ്റൂർ സഹകരണ ഷുഗർ മില്ല്) ബ്ളെൻഡിംഗ് യൂണിറ്ര് തുടങ്ങാൻ സർക്കാരിന്റെ ഭരണാനുമതി ലഭിച്ചതോടെ, വിലകുറഞ്ഞ ബ്രാൻഡി ഉത്പാദിപ്പിക്കാനുള്ള നടപടികൾ ഊർജ്ജിതമായി. സാങ്കേതിക അനുമതി കിട്ടുന്നതോടെ നിർമ്മാണം തുടങ്ങും. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനി (കെൽ) തയ്യാറാക്കിയ 25.90 കോടിയുടെ പ്ലാന്റിനാണ് അനുമതി.
മദ്യം ഉൽപ്പാദിപ്പിക്കാൻ ശുദ്ധജലം കിട്ടുകയാണ് പ്രധാന കടമ്പ. കടുത്ത കുടിവെള്ള ക്ഷാമമുള്ളതിനാൽ സമീപ പഞ്ചായത്തുകൾ എതിർത്തിരുന്നു. ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് വാട്ടർ അതോറിറ്റി ഉറപ്പ് നൽകിയിട്ടുണ്ട്. വെള്ളം കിട്ടാൻ ബദൽ സംവിധാനവും കണ്ടെത്തിയിട്ടുണ്ട്.
ആറ് ലൈൻ കോമ്പൗണ്ടിംഗ്, ബ്ലെൻഡിംഗ് ആൻഡ് ബോട്ട്ലിംഗ് യൂണിറ്റ് സ്ഥാപിച്ച് ദിവസം15,000 കെയ്സ് വില കുറഞ്ഞ ബ്രാൻഡി നിർമ്മിക്കാനാണ് പദ്ധതി.
ബിവറേജസ് കോർപ്പറേഷന്റെ ഫണ്ടാവും ഉപയോഗിക്കുക. മദ്യം വിറ്റ് കിട്ടുന്ന തുകയിൽ നിന്ന് തുല്യഗഡുക്കളായി കോർപ്പറേഷന്റെ ബാദ്ധ്യത തീർക്കണം. വാട്ടർ അതോറിറ്റിയുടെ മൂംഗിൽ മടയിലെ ജലസംഭരണിയിൽ നിന്ന് ആറു കിലോമീറ്റർ പൈപ്പ് സ്ഥാപിച്ച് വെള്ളം എത്തിക്കാനായിരുന്നു തീരുമാനം. കുടിവെള്ളക്ഷാമം കാരണം എലപ്പുള്ളി പഞ്ചായത്ത് അനുകൂലിച്ചില്ല.
കരിമ്പ് ക്ഷാമത്തെ തുടർന്ന് പഞ്ചസാര ഉത്പാദനം നിലച്ചതോടെയാണ് ചിറ്റൂർ ഷുഗർ മില്ല് സർക്കാർ ഏറ്റെടുത്തത്.
113 ഏക്കർ
മലബാർ ഡിസ്റ്റിലറീസിന്റെ സ്ഥലം
25.90 കോടി
പ്ലാന്റിന്റെ ചെലവ്
15,000 കെയ്സ്
ദിവസം ഉത്പാദനം
250 പേർക്ക്
തൊഴിലവസരം
ഒറ്റത്തവണ തീർപ്പാക്കൽ
തിരുവനന്തപുരം: കേരള വനിത വികസന കോർപറേഷനിൽ നിന്നും 2010 മുതൽ 2016 വരെ വിതരണം ചെയ്ത വായ്പകളിൽ പിഴപ്പലിശ പൂർണമായി ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവ് നൽകിയതായി മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇതിലൂടെ മുന്നൂറ്റി അറുപതോളം വനിതകൾക്ക് പ്രയോജനം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |