സിനിമയിൽ എല്ലാവരും മത്സരിക്കുകയാണെന്ന് വെളിപ്പെടുത്തി നടിയും നർത്തകിയുമായ വിമലാ രാമൻ. മലയാള സിനിമയിൽ അഭിനയിക്കുമ്പോഴാണ് കുറഞ്ഞ പ്രതിഫലം ലഭിച്ചിട്ടുളളതെന്നും താരം തുറന്നുപറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് വിമലാ രാമൻ സിനിമയിൽ നിന്നും ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞത്.
'എല്ലാ അഭിനേതാക്കളും അവരുടെ കരിയറിൽ ഒരു അനീതിയെങ്കിലും നേരിട്ടുകാണും. സിനിമയിൽ എല്ലാവരും മത്സരിക്കുന്നുണ്ട്. സുഹൃത്തുക്കളാണെങ്കിൽ പോലും എല്ലാവരും നല്ലൊരു കരിയറിനായി മത്സരിക്കാറുണ്ട്. ഞാനൊരു കന്നട സിനിമയിൽ അഭിനയിച്ചിരുന്നു. അത് ഹിറ്റായിരുന്നു. ഞാൻ അഭിനയിച്ച കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് അന്ന് ലഭിച്ചത്.
ആ സിനിമ തെലുങ്കിൽ റീമേക്ക് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ സിനിമയുടെ സംവിധായകൻ എന്നെ വിളിച്ചു. ഞാൻ അഭിനയിച്ച കഥാപാത്രം മറ്റൊരു നടിയാണ് ചെയ്യുന്നതെന്ന് എന്നോട് പറഞ്ഞു. സിനിമയിലെ മറ്റൊരു കഥാപാത്രം ചെയ്യാൻ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ഞാനത് സമ്മതിച്ചില്ല. എന്തുകൊണ്ട് തെലുങ്കിൽ എനിക്ക് ആ അവസരം ലഭിച്ചില്ലെന്ന സംശയമുണ്ടായി. ഞാൻ അത് സംവിധായകനോട് ചോദിച്ചു. തെലുങ്കിൽ ബിസിനസിനാണ് പ്രാധാന്യം നൽകുന്നത്. ചിലപ്പോൾ അതുകൊണ്ടായിരിക്കാം.അങ്ങനെ ആ പ്രോജക്ട് എനിക്ക് നഷ്ടപ്പെട്ടു.
അഭിനയമാണല്ലോ ജോലി. സിനിമയിൽ അഭിനയിക്കുന്നതിന് നടൻമാർക്കും നടിമാർക്കും പ്രതിഫലം നൽകുന്നതിൽ വലിയ വേർതിരിവ് നിലനിന്നിരുന്നു. ഞാൻ സിനിമയിൽ എത്തിയപ്പോൾ അങ്ങനെ ഒരുപാട് സംഭവങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മലയാളം സിനിമകളിൽ അഭിനയിച്ചപ്പോൾ എനിക്ക് ലഭിച്ച പ്രതിഫലം വളരെ കുറവായിരുന്നു. പക്ഷെ തെലുങ്കിലും തമിഴിലും അങ്ങനെയല്ല. അവ മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ കുറച്ചുകൂടി വലിയ മേഖലയാണല്ലോ. സുരേഷ് ഗോപി സാർ നായകനായി എത്തിയ ടൈം എന്ന സിനിമയിൽ എനിക്ക് മികച്ച പ്രതിഫലം ലഭിച്ചിരുന്നു'- താരം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |