തിരുവനന്തപുരം:നീറ്റ് യു.ജി പരീക്ഷയുടെ പുതിയ റാങ്ക് പട്ടിക ഇതുവരെ എൻട്രൻസ് കമ്മിഷണർക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി കൈമാറിയിട്ടില്ല. ഇതുൾപ്പെടെ നടപടിക്രമങ്ങൾ ഏറെയുള്ളതിനാൽ മെഡിക്കൽ പ്രവേശനം നീണ്ടേക്കും. പ്രവേശനത്തിന് പുതുക്കിയ ഷെഡ്യൂൾ ഉടൻ പ്രസിദ്ധീകരിക്കും. പുതിയ റാങ്ക് പട്ടിക അടുത്തയാഴ്ച ലഭിച്ചേക്കും.
ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾക്ക് മാർക്ക് നൽകിയത് സുപ്രീംകോടതി റദ്ദാക്കിയതോടെ റാങ്ക് ലിസ്റ്റ് ആകെ മാറിയതാണ് നടപടികൾ നീളാൻ പ്രധാന കാരണം. രാജ്യത്താകെ ഒന്നാം റാങ്ക് 67ൽ നിന്ന് 17 ആയി കുറഞ്ഞു. കേരളത്തിലെ ഒന്നാം റാങ്ക് നാലിൽ നിന്ന് ഒന്നായി. നേരത്തെ ഒന്നാം റാങ്ക് നേടിയ കണ്ണൂർ സ്വദേശി ശ്രീനന്ദ് ഷർമിലിന് മാത്രമാണ് പുതിയ പട്ടികയിൽ കേരളത്തിൽ ഒന്നാം റാങ്ക്.
ആദ്യ ലിസ്റ്റിൽ ഒന്നാം റാങ്ക്കാരായിരുന്ന ദേവദർശൻ നായർക്ക് 49, വി.ജെ അഭിഷേകിന് 73, അഭിനവ് സുനിൽ പ്രസാദിന് 82 എന്നിങ്ങനെയായി റാങ്ക്. കേരളത്തിൽ നിന്ന് യോഗ്യത നേടിയവർ കൂടി. ആദ്യ സിസ്റ്റിൽ 86,681 പേർ. പുതിയ പട്ടികയിൽ 32 പേർ കൂടി 86,713 ആയി. പുതിയ റാങ്ക് പട്ടിക ലഭിച്ചാലേ പ്രത്യേക റാങ്ക് പട്ടിക തയ്യാറാക്കി സംസ്ഥാന ക്വാട്ടയിലെ പ്രവേശനം ആരംഭിക്കാനാകൂ.
സ്റ്റേ തിരിച്ചടിയല്ല: ഗവർണർ
തിരുവനന്തപുരം: സെർച്ച് കമ്മിറ്റി രൂപീകരണം സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി ചാൻസലർക്ക് തിരിച്ചടിയല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഗവർണർ എടുക്കുന്ന തീരുമാനങ്ങളോട് വിയോജിക്കാനും അതിനെതിരെ കോടതിയെ സമീപിക്കാനും എല്ലാവർക്കും ഭരണഘടന അവകാശം നൽകുന്നുണ്ട്. എന്നാൽ, അതിന്റെ പേരിൽ നടക്കുന്ന അക്രമത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. കോടതി അവരുടെ ഭരണഘടനാപരമായ അവകാശത്തെ വിനിയോഗിക്കുന്നതിനെ ബഹുമാനിക്കുന്നു. സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കാനാണ് നടപടി. അതിനെ നിരന്തരം എതിർക്കുന്നവരുണ്ട്. അവർ നിയമപരമായി മുന്നോട്ട് പോയാൽ എനിക്ക് പ്രശ്നമില്ല. സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമായാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.
കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്
തിരുവനന്തപുരം: കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസിനായി ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് രാജീവ് ഗാന്ധി അക്കാഡമി ഫോർ ഏവിയേഷൻ ടെക്നോളജി അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ പ്ലസ്ടു,ഫിസിക്സ്, ഇംഗ്ലീഷ്,കണക്ക് വിഷയങ്ങളിൽ 55% മാർക്ക് നേടിയ, 2024 ഏപ്രിൽ 1ന് 17വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗം അപേക്ഷകർക്ക് പ്ലസ്ടുവിന് 45% മാർക്കും ഫിസിക്സ്,കണക്ക്,ഇംഗ്ലീഷ് എന്നിവയിൽ 50 ശതമാനം മാർക്കും മതിയാകും.വിവരങ്ങൾക്ക്: 0471-2501814, 9526800767, ragaat@gmail.com.
വിദേശ പഠനത്തിന് ഒഴുക്ക് തടയാൻ 'സ്റ്റഡി ഇൻ കേരള' പദ്ധതി
തിരുവനന്തപുരം: വിദേശപഠനത്തിനുള്ള മലയാളികളുടെ ഒഴുക്ക് കുറയ്ക്കാനും വിദ്യാർത്ഥികളെ കേരളത്തിൽ പിടിച്ചുനിറുത്താനും ‘സ്റ്റഡി ഇൻ കേരള’ പദ്ധതി നടപ്പാക്കും. അന്യസംസ്ഥാന, വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുകയും ലക്ഷ്യമാണ്. ഇതുസംബന്ധിച്ച ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |