കൊച്ചി: റിലീസ് ദിനത്തിൽ സിനിമ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുന്ന തമിഴ്‌റോക്കേഴ്‌സ് സംഘത്തിലെ പ്രധാനികളിൽ ഒരാൾ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് മധുര സ്വദേശി ജെബ് സ്റ്റീഫൻ രാജാണ് (33) അറസ്റ്റിലായത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ ധനുഷ് ചിത്രം 'രായൻ' തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററിൽ മൊബൈലിൽ പകർത്തുന്നതിനിടെ തിരുവനന്തപുരം സൈബർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ കൊച്ചിയിൽ എത്തിച്ച് സിറ്റി സൈബർ പൊലീസ് ചോദ്യംചെയ്തു.
'ഗുരുവായൂർ അമ്പലനടയിൽ' എന്ന സിനിമ തിയേറ്ററുകളിലെത്തി തൊട്ടടുത്ത ദിവസം തന്നെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് നിർമ്മാതാക്കളിൽ ഒരാളായ സുപ്രിയ മേനോൻ സൈബർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണമാണ് ജെബ് സ്റ്റീഫനിൽ എത്തിച്ചത്. മഹാരാജ, കൽക്കി, ഒരു സ്മാർട്ട് ഫോൺ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജ പതിപ്പും ഇയാൾ സമാനരീതിയിൽ പകർത്തിയതായി പൊലീസ് കണ്ടെത്തി. പ്രതിയുടെ മൊബൈൽ ഫോൺ സൈബർ ഫോറൻസിക്ക് വിഭാഗം പരിശോധിക്കും.
മുന്നിൽ സീറ്റുകളില്ലാത്ത, മികച്ച ദൃശ്യമികവുള്ള തിയേറ്ററുകളിൽ നിന്നാണ് ഇവർ സിനിമകൾ പകർത്തിയിരുന്നത്. സീറ്റിലെ കപ്പ് ഹോൾഡറിൽ ക്യാമറ വച്ചായിരുന്നു പകർത്തൽ. മേയ് അഞ്ചിനും കഴിഞ്ഞ മാസം 17, 26 തീയതികളിലും കഴിഞ്ഞ അഞ്ചിനും ഇതേ സീറ്റിൽ ഒരാൾ എത്തി സിനിമ ചിത്രീകരിച്ചതായും ഇത് തമിഴ്‌റോക്കേഴ്‌സ് പുറത്തുവിട്ടതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.
സിനിമ ഒന്നിന് 5,000
വിഷ്ണു ദാമോദർ
കൊച്ചി: റിലീസ് ചിത്രം പകർത്തി തമിഴ്റോക്കേഴ്സിന് കൈമാറുന്നതിന് ജെബ് സ്റ്രീഫൻ രാജിന് ലഭിച്ചിരുന്നത് 5000 രൂപ. കോടികൾ മറിയുന്ന ഇടപാടാണെന്നും ജെഫിന്റെ ബാങ്ക് ഇടപാടുകൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. ഒന്നര വർഷത്തോളം തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ജെബ് , ഏറെനാളായി തമിഴ്‌റോക്കേഴ്‌സ് പോലുള്ള പൈറസി സംഘങ്ങൾക്കായി പ്രവർത്തിച്ചുവരികയായിരുന്നു.
സിനിമയുടെ ആദ്യഷോ ദിവസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യുകയും ടിക്കറ്റ് വാട്സ്ആപ്പ് വഴി സംഘാംഗങ്ങൾക്ക് കൈമാറുകയുമാണ് സംഘം ചെയ്തിരുന്നത്. ഒന്നര ലക്ഷത്തിലധികം രൂപ വിലയുള്ള ഫോണാണ് ജെബ് ഉപയോഗിച്ചിരുന്നത്. ഇത് തമിഴ്‌റോക്കേഴ്‌സ് സംഘം നൽകിയതാിത്. ധുനുഷ് ചിത്രം 'രായൻ" ഇയാൾ പകുതിയോളം പകർത്തിയിരുന്നു.
2011ലാണ് തമിഴ്‌റോക്കേഴ്‌സ് രംഗത്തുവരുന്നത്. തമിഴ് സിനിമകളാണ് ആദ്യകാലങ്ങളിൽ അപ്ലോഡ് ചെയ്തിരുന്നതെങ്കിൽ പതിയെ മറ്റ് ഭാഷകളിലേക്കും കൈകടത്തി.ഇന്ത്യയ്ക്ക് പുറത്ത് നിന്നും തമിഴ് റോക്കേഴ്സ് പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം.
രാഷ്ട്രീയത്തിലും നിർമ്മിത ബുദ്ധി ഇടപെടുന്നു: ക്വീൻസ് വാഴ്സിറ്റി പ്രൊഫസർ
തിരുവനന്തപുരം: രാഷ്ട്രീയത്തിലും നിർമ്മിതബുദ്ധി കൈകടത്തുന്നതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ദ്ധനും ഇംഗ്ളണ്ടിലെ ക്വീൻസ് സർവകലാശാലയിലെ അസോ. പ്രൊഫസറുമായ ഡോ. പി. ദീപക് . മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ 9-ാം ചരമവാർഷികത്തിൽ സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ബി. എസ്. ജമുന, ഡോ. ജി. വേണുഗോപാൽ, ഡോ. വിനോദ്കുമാർ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
പാട്ട കുടശിക ഒറ്റത്തവണ തീർപ്പാക്കൽ
തിരുവനന്തപുരം:സംസ്ഥാനത്തെ 33വ്യവസായ പാർക്കുകളിലെ പാട്ട കുടിശിക തീർപ്പാക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1132സംരംഭകരാണുള്ളത്. അവർക്ക് 2024 മാർച്ച് 31 വരെയുള്ളയുള്ള പലിശ ഒഴിവാക്കി പരമാവധി 12തവണകളായി കുടിശിക അടച്ചുതീർക്കാനുള്ള പദ്ധതിയാണ് കൊണ്ടുവരിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |