തിരുവനന്തപുരം: നിപ രോഗപ്പകര്‍ച്ചയുടെ സൂചനകൾ നാളിതുവരെയില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണെന്നും മന്ത്രി വെളിപ്പെടുത്തി.
ഐസിയുവില്‍ ആരും തന്നെ ചികിത്സയിലില്ല. 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതുവരെ ആകെ 856 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി. മലപ്പുറം കളക്ടറേറ്റില്‍ ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.
നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് വരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമായി. ജില്ലാ ഭരണകൂടം ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കും. ഐസൊലേഷനിലുള്ളവര്‍ കൃത്യമായി ക്വാറന്റൈൻ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. മാസ്‌ക്, സാമൂഹിക അകലം എന്നിവ തുടരണമെന്നും യോഗത്തിൽ നിർദേശമുണ്ടായി.
പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറൽ ഉള്ളതുമായ പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കരുത്. തുറന്നതും മൂടിവയ്ക്കാത്തതുമായ കലങ്ങളിൽ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കുക. കിണറുകൾ പോലുള്ള ജലസ്രോതസുകളിൽ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര സ്രവങ്ങൾ ഇവ വീഴാതെ സുരക്ഷിതമായി സൂക്ഷിക്കുക.
വളർത്തുമൃഗങ്ങളുടെ ശരീരസ്രവങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവയുടെ സമ്പർക്കം ഉണ്ടാകാതെ സൂക്ഷിക്കുക. വൈറസ് ബാധയുള്ള വവാലുകളിൽ നിന്നോ, പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയുള്ളതിനാൽ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |