ന്യൂഡല്‍ഹി: സ്ത്രീക്കും പുരുഷനും തുല്യമായ അവകാശങ്ങളും സംരക്ഷണവുമാണുള്ളതെന്ന് ഡല്‍ഹി കോടതി. വ്യാജ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടശേഷമാണ് കോടതിയുടെ നിരീക്ഷണം. വ്യാജ പരാതി നല്‍കിയതിന് കേസെടുക്കാന്‍ ഡല്‍ഹി പൊലീസിനോട് ഉത്തരവിടുകയായിരുന്നു അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷെഫാലി ബര്‍ണാല.
പീഡിപ്പിച്ചുവെന്ന് വ്യാജമായ പരാതി നല്‍കുന്നത് കുറ്റാരോപിതനായ വ്യക്തിയുടെ ജീവിതവും സമൂഹത്തിലെ നിലയും വിലയും നശിപ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ആരോപണവിധേയന്റെ ജാമ്യപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിര്‍ദേശം. ഉത്തരവിന്റെ പകര്‍പ്പ് ബന്ധപ്പെട്ട പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് അയക്കാനും 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശങ്ങളും സംരക്ഷണവുമുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് ചില പ്രത്യേക അവകാശങ്ങളും നല്‍കുന്നുണ്ട്. ബലാത്സംഗം ഹീനമായ കുറ്റകൃത്യമാണ്. അത് ഇരയുടെ ആത്മാവിനെയും ശരീരത്തെയും നശിപ്പിക്കുന്നു. എന്നാല്‍, ബലാത്സംഗത്തിനെതിരായ നിയമം ചില കേസുകളില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കോടതി പറഞ്ഞു.
പരാതിക്കാരിയുടെ ഗൂഢലക്ഷ്യത്തിനായി സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ഒരു ഉപകരണമായി ഉപയോഗിക്കരുതെന്ന് കോടതി പറഞ്ഞു. എന്നാല്‍, പരാതിക്കാരി ആരോപണവിധേയനൊപ്പം സ്വമേധയാ ഒരു ഹോട്ടലില്‍ പോയി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് പ്രോസിക്യൂട്രിക്‌സ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.
യുവാവുമായി വഴക്കിട്ട പരാതിക്കാരി ഇതിന്റെ വൈരാഗ്യത്തില്‍ പൊലീസില്‍ യുവാവിനെതിരെ തന്നെ പീഡിപ്പിച്ചുവെന്ന് കാണിച്ച് പരാതി നല്‍കുകയായിരുന്നു. ഈ മാസം 14ന് ആണ് കേസില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |