ന്യൂഡൽഹി:ജാർഖണ്ഡ് ഗവർണറായിരുന്ന തമിഴ്നാട് മുൻ ബി.ജെ.പി അദ്ധ്യക്ഷൻ സി.പി. രാധാകൃഷ്ണനെ ഉടൻ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയുടെ ഗവർണറായി നിയമിച്ചു. കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ ത്രിപുര മുൻ ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ജിഷ്ണു ദേവ് വർമ്മയാണ് പുതിയ ഗവർണർ.
ആറ് തവണ തുടർച്ചയായി ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് ജയിച്ചെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തഴയപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സന്തോഷ് ഗംഗ്‌വാറിനെ ജാർഖണ്ഡ് ഗവർണറായി നിയമിച്ചു. യുപിയിലും ബിഹാറിലും നിർണായകമായ കുർമി സമുദായാംഗമാണ്. അസാമിൽ നിന്നുള്ള മുൻ എംപി രമൺ ദേകയെ ഛത്തീസ്ഗഢിലും മഹാരാഷ്ട്ര മുൻ സ്‌പീക്കറും ബി.ജെ.പി നേതാവുമായ ഹരിഭാവു കിസൻറാവു ബാഗ്‌ഡെയെ രാജസ്ഥാനിലും നിയമിച്ചു.
മുൻ രാജ്യസഭാംഗം ഒാം പ്രകാശ് മാത്തൂരാണ് സിക്കിം ഗവർണർ.
ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേരുകയും 2019ൽ തിരിച്ചെത്തുകയും ചെയ്‌ത കർണാടകയിൽ നിന്നുള്ള മുൻ എം. പി സി.എച്ച്. വിജയശങ്കറിനെ മേഘാലയ ഗവർണറായി നിയമിച്ചു.
അസം ഗവർണറായ ഗുലാബ് ചന്ദ് കട്ടാരിയയെ പഞ്ചാബ് ഗവർണറും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡ് അഡ്മിനിസ്‌ട്രേറ്ററുമാക്കി. മുതിർന്ന ബിജെപി നേതാവായ കട്ടാരിയ നേരത്തെ രാജസ്ഥാനിൽ മന്ത്രിയായിരുന്നു.
സിക്കിം ഗവർണറായ ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി നിയമിച്ചു. മണിപ്പൂർ ഗവർണറുടെ അധിക ചുമതലയുമുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി നേതാവാണ്. ഇവർ ചുമലയേൽക്കുന്ന ദിവസം മുതൽ നിയമനം നിലവിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |