
കൊച്ചി: 'വാടക പ്രതിസന്ധി' താത്കാലികമായി പരിഹരിച്ച് സ്വന്തം തട്ടകത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെ ഒറ്റ ഗോളിന് മുംബയ് സിറ്റി പൂട്ടി (1-0). ആളൊഴിഞ്ഞുനിന്ന സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്‌സ് കടലാസ് പുലികൾ മാത്രമായി. മുംബയ്ക്കായി നായകൻ ലാലിയൻസുവാല ചാംഗ്‌തെയാണ് ലക്ഷ്യം കണ്ടത് (47-ാം മിനിട്ട്). ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
ഫെബ്രുവരി 28ന് ഇന്റർകാശിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ബ്ലാസ്റ്റേഴ്സ്, ഹോംഗ്രൗണ്ട് മാറ്റത്തിനുള്ള നീക്കം ഇതിനിടെ സജീവമാക്കി.
ഗോളടിച്ച് മുന്നിലെത്താൻ ബ്ലാസ്റ്റേഴ്‌സും മുംബയും ഒരുപോലെ കളംനിറഞ്ഞതോടെ ആദ്യപകുതിയുടെ തുടക്കം മുതൽ ആവേശം നിറഞ്ഞു. ഒന്നിലധികം തവണ മുംബയ് വലകുലുക്കാൻ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ബ്ലാസ്റ്റേഴ്‌സിനും 20-ാം മിനിറ്റിൽ കിട്ടിയ ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിക്കാൻ മുംബയ്ക്കും കഴിഞ്ഞില്ല. 25-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് പെനാൽറ്റി വിസിൽ. പരേര ഡയസിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റിയിലൂടെയും മുംബയ്ക്ക് മുന്നിലെത്താനായില്ല. പെരേര ഡയസ് തൊടുത്തുവിട്ട പന്ത് ആർഷ് അൻവർ ഷേഖ് തട്ടിയകറ്റി.
രണ്ടാംപകുതിയുടെ തുടക്കം തന്നെ മുംബയ് നായകൻ ചംഗ്‌തെയിലൂടെ മുന്നിലെത്തി. 47-ാം മിനിറ്റിൽ ആർഷിന്റെ മിസ് പാസിലെ പിഴവ് മുതലെടുത്ത് ബ്രൻഡൻ ഫെർണാണ്ടസ് ഗോളിലേക്ക് ഷോട്ട് ഉതിർത്തു. പന്ത് പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി ചംഗ്‌തേയുടെ മുന്നിലെത്തി. പരിചയസമ്പന്നനായ ചംഗ്‌തെ പന്ത് അനായാസം വലയിലാക്കി. ഗ്യാലറി ശോകമൂകമായി.
മോഹൻ ബഗാനെതിരെ ഇറങ്ങിയ ടീമിൽ നാലു മാറ്റങ്ങൾ വരുത്തിയാണ് കോച്ച് ഡേവിഡ് കറ്റാലെ ബ്ലാസ്റ്റേഴ്‌സിനെ കളത്തിലിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |