മാനന്തവാടി: തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പൊളിച്ചു മാറ്റാനായി നോട്ടീസ് നൽകിയ നരിക്കല്ലിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തെച്ചൊല്ലി വീണ്ടും പ്രതിഷേധവും വാക്കേറ്റവും. മുസ്ലിംലീഗ് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കുന്നതിനെതിരേ കഴിഞ്ഞ ദിവസം യു.ഡി.എഫ്. പ്രവർത്തകർ പ്രതരോധവുമായി എത്തിയിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാനുള്ള നീക്കത്തിൽ നിന്നു താത്കാലികമായി പഞ്ചായത്ത് അധികൃതർ മാറിയെങ്കിലും ബസ് സ്റ്റോപ്പിനു സമീപം പഞ്ചായത്ത് ഭൂമി ഏറ്റെടുക്കാനുള്ള നീക്കം വിവാദമായി. സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ രണ്ട് സെന്റ് സ്ഥലം രജിസ്റ്റർ ചെയ്തു വാങ്ങാനുള്ള നടപടിയുമായി പഞ്ചായത്ത് ഭരണസമിതി മുന്നോട്ടു പോകുമ്പോഴാണ് ഞായറാഴ്ച വൈകുന്നേരത്തോടെ പ്രശ്നങ്ങൾ ഉണ്ടായത്. ഈ സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രവും സാംസ്‌കാരിക നിലയവും നിർമിക്കാനാണ് പഞ്ചായത്ത് പദ്ധതി. ഇതിനായി പത്തുലക്ഷം രൂപയും വകയിരുത്തിട്ടുണ്ട്. മുമ്പ് ക്ലബ്ബിനായി പഞ്ചായത്ത് എടുത്തു നൽകുമെന്ന് പറഞ്ഞ സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. ഇതിനെതിരേ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. പോസ്റ്ററിനെ ചൊല്ലി സി.പി.എം. മുസ്ലിം ലീഗ് പ്രവർത്തകർ ചേരി തിരിഞ്ഞു വാക്കേറ്റമുണ്ടായി. ഗ്രാമപ്പഞ്ചായത്തംഗത്തെ മർദ്ദിച്ചതായും സി.പി.എം. ആരോപിച്ചു. സംഘർഷ സാധ്യത ഒഴിവാക്കാൻ തിരുനെല്ലി പൊലീസ് ലാത്തി വീശി ഇരു വിഭാഗത്തേയും അകറ്റി. രാത്രി ഒമ്പതു മണിയായിട്ടും ഇരുവിഭാഗത്തിലുള്ള പ്രവർത്തകർ പിരിഞ്ഞു പോയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |