കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു. പലയിടങ്ങളിലും മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒഴുകിയെത്തുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. പരിക്കേറ്റവരെ കൊണ്ടുപോകാൻ ഒരോ അഞ്ചുമിനിട്ടിലും ആംബുലൻസുകൾ എത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട് പറയുന്നത്.
വിവിധയിടങ്ങളിലായി നാനൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മിക്ക വീടുകളിലും ചെളിയും പാറക്കെട്ടുകളും കൊണ്ട് നിറഞ്ഞെന്ന് ചൂരൽമല വാർഡ് മെമ്പർ സി കെ നൂറുദ്ദീൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഞങ്ങളെ ഒന്ന് രക്ഷപ്പെടുത്തൂവെന്ന് പറഞ്ഞ് സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നിലവിളിക്കുകയാണ്.
മുണ്ടക്കൈ അട്ടമലയിലെ ചൂരമല പാലവും പ്രധാന റോഡുമൊക്കെ തകർന്നിരിക്കുകയാണ്. ഇവിടേക്ക് സൈന്യമെത്തി താൽക്കാലിക പാലം നിർമിച്ച് രക്ഷാപ്രവർത്തനം നടത്തിയേക്കും. ദുരന്തസ്ഥലത്തേക്ക് ഹെലികോപ്ടർ എത്തിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ തുടങ്ങിയിട്ടുണ്ട്.
എല്ലാ സന്നാഹങ്ങളും തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും രക്ഷാദൗത്യം ഊർജിതമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചിട്ടുണ്ട്.
അതേസമയം ഇതുവരെ 24 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പ്രദേശത്തെ നിരവധി വീടുകൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും തകർന്നിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജില്ലാതല കൺട്രോൾ റൂം പുതുറന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ സേവനം ലഭ്യമാവാൻ 8086010833, 9656938689 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |