വയനാട്: അക്ഷരാർത്ഥത്തിൽ മരണഭൂമിയായി മാറിയിരിക്കുകയാണ് മുണ്ടക്കൈ. എങ്ങും ചെളിയും വെള്ളവും കൂറ്റൻ പാറകളും കെട്ടിടാവശിഷ്ടങ്ങളും മാത്രം. ഇതിനിടയിൽ ശേഷിക്കുന്ന ജീവനുകളെയും മൃതശരീരങ്ങളെയും കണ്ടെത്താൻ ശ്രമിക്കുന്ന സൈനികരും. ഇടയ്ക്കിടെ മൃതദേഹങ്ങൾ കണ്ടെത്തുമ്പോൾ സൈനികരുടെ പോലും കണ്ണുനിറഞ്ഞുപോകുന്നു. പ്രദേശത്ത് ഇനിയും ജീവനോടെ നിരവധിപേർ ശേഷിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഇവരെ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സൈന്യം രക്ഷാപ്രവർത്തനത്തിന്റെ വേഗത കൂട്ടിയിരിക്കുകയാണ് . കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശാേധന നടത്തുന്നുണ്ട്. മരണസംഖ്യ 176 ആയി ഉയർന്നിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിൽ തിരച്ചിൽ ശക്തമാക്കുമ്പോൾ ഇത് ഇനിയും ഉയർന്നേക്കാം.
മഴയുടെയും പുഴയിലെ ഒഴുക്കിന്റെയും ശക്തി കുറഞ്ഞത് രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാൽ എങ്ങും ചെളി നിറഞ്ഞുകിടക്കുന്നതിനാൽ കാലുകൾ ഉറപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഇത് രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. കൂറ്റൻ പാറക്കല്ലുകൾ മാറ്റാൻ കൂടുതൽ യന്ത്രസംവിധാനങ്ങൾ എത്തിക്കാനാവാത്തതും പ്രതിസന്ധിയാണ്.
ചൂരൽമലയിൽ ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് കാര്യമായ തിരച്ചിൽ നടത്താൻ ആയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇവിടേയ്ക്കുളള്ള ബെയ്ലി പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. കര, നാവിക സേനകൾ സംയുക്തമായാണ് നിർമാണം നടത്തുന്നത്. ഇത് പൂർത്തിയാകുന്നതോടെ കൂടുതൽ യന്ത്രങ്ങൾ അങ്ങോട്ടേക്ക് എത്തിക്കാനാവും എന്നാണ് പ്രതീക്ഷ. ഫയർഫോഴ്‌സ് സംഘവും മറ്റും രക്ഷാപ്രവർത്തനത്തിനുണ്ട്. ചുരൽമലയിൽ തകർന്ന വീട്ടിൽ നിന്ന് ഒരു പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു.വീടുപാെളിച്ചാണ് രക്ഷാപ്രവർത്തകർ ഉള്ളിൽ കയറിയത്.
കസേരയിൽ ഇരിക്കുന്ന നിലയിൽ മൃതദേഹങ്ങൾ
മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്താൻ മൃതദേഹങ്ങളുടെ മണം പിടിക്കാൻ കഴിവുള്ള കെഡാവർ നായ്ക്കളുടെ സേവനവും തേടുന്നുണ്ട്. ഇവ നൽകുന്ന സൂചനകൾക്കനുസരിച്ച് മണ്ണിനടിയിലായ വീടുകൾ പൊളിച്ചാണ് രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്നത്. ഹൃദയഭേദകമായ രംഗങ്ങളാണ് ഓരോവീട്ടിലും കാണാനാവുന്നതെന്നാണ് രക്ഷാപ്രവർത്തകർ സൂചിപ്പിക്കുന്നത്. മുണ്ടക്കൈയിലെ ഒരുവീട്ടിൽ കസേരയിൽ ഇരിക്കുന്ന നിലയിൽ മൂന്നുമൃതദേഹങ്ങൾ കണ്ടെടുത്തു.
ഒരായുസ് മുഴുവൻ സമ്പാദിച്ചതെല്ലാം വലിച്ചെറിഞ്ഞ് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവന്റെ ദയനീയത മുഴുവൻ ഓരോ മൃതദേഹങ്ങളുടെയും കണ്ണുകളിൽ കാണാം. കുട്ടികൾ ഉൾപ്പടെ അഞ്ചും ആറും മൃതദേഹങ്ങൾ ഒന്നിച്ച് കെട്ടിപ്പിടിച്ചുകിടക്കുന്ന കാഴ്ച ജീവനുള്ളിടത്തോളം കാലം മറക്കാനാവില്ലെന്നാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഒരു ജനപ്രതിനിധി പറയുന്നത്.
നാറൂറോളം വീടുകളുണ്ടായിരുന്ന മുണ്ടക്കൈയിൽ ഇപ്പോൾ മുപ്പതുവീടുകൾ മാത്രമാണ് ശേഷിക്കുന്നത്. എത്രപേർ ജീവനോടെ ശേഷിക്കുന്നുണ്ടെന്നോ എത്രപേർ മരിച്ചുവെന്നോ ഒരു വിവരവുമില്ല. കാണാതായ ഉറ്റവരെ കണ്ടെത്താൻ ആശുപത്രികളിലും ദുരന്ത ഭൂമിയിലും നിറകണ്ണുകളോടെ തിരയുന്ന ചിലരെയും കാണാം.
ജീവിതം ചോദ്യചിഹ്നം
ഒറ്റ രാത്രികൊണ്ട് അന്നുവരെ സമ്പാദിച്ചതെല്ലാം നഷ്ടമായതിനൊപ്പം ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലാണ് ഏറിയകൂറും. മുന്നോട്ടുള്ള ജീവിതം അവർക്കുമുന്നിൽ ഒരു ചോദ്യചിഹ്നമാകുന്നു. ഉള്ളുലയ്ക്കുന്ന അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനോ അവരെ ആശ്വസിപ്പിക്കാനോ ആർക്കുമാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |