ടെഹ്റാൻ: പാലസ്തീൻ പോരാട്ട ഗ്രൂപ്പായ ഹമാസിന്റെ തലവൻ
ഇസ്‌മയിൽ ഹനിയേയെ (61) ഇസ്രയേൽ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മിസൈൽ ആക്രമണത്തിൽ കൊലപ്പെടുത്തി. ഇതിന് ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി മുന്നറിയിപ്പ് നൽകി. ഇതോടെ ഇസ്രയേലും ഇറാനും തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായി. ഹമാസും തിരിച്ചടിക്ക് ഒരുങ്ങി.
ഇറാനിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സ്ഥാനാരോഹണത്തിന് എത്തിയതായിരുന്നു ഹനിയേ. ടെഹ്‌റാന്റെ വടക്ക് അദ്ദേഹം താമസിച്ച വസതിയിലേക്ക് ഇസ്രയേൽ വ്യോമസേന മിസൈൽ വർഷിക്കുകയായിരുന്നു. ഹനിയേയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 4നായിരുന്നു ആക്രമണം.
ലെബനനിൽ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഉന്നത കമാൻഡർ ഫൗദ് ഷുക്റിനെ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ വധിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഹനിയേയും കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച അയത്തൊള്ള അലി ഖമനേയിയുമായി ഹനിയേ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇസ്രയേലോ അവരുടെ ഇന്റലിജൻസ് ഏജൻസിയായ മൊസാദോ പ്രതികരിച്ചിട്ടില്ല. ഇറാന്റെ ഭീഷണി കണക്കിലെടുത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്രയേലിലെ സുരക്ഷാ ക്യാബിനറ്റ് അടിയന്തര യോഗം ചേർന്നു. ഖത്തർ, ഈജിപ്റ്റ്, ജോർദ്ദാൻ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും സായുധ ഗ്രൂപ്പുകളായ ഹിസ്ബുള്ള,ഹൂതി എന്നിവയും വധത്തെ അപലപിച്ചു.
ഭീതിയിൽ പശ്ചിമേഷ്യ
ഹനിയേയുടെ കൊലപാതകം പശ്ചിമേഷ്യയിൽ പുതിയ യുദ്ധത്തിന് ഇടയാക്കുമെന്ന ഭീതി ശക്തമായി. വെടിനിറുത്തൽ ചർച്ചകൾ തടസപ്പെട്ടേക്കാം. ഹമാസിന്റെ പൊളിറ്റ് ബ്യൂറോ ചെയർമാനായ ഹനിയേ ഖത്തറിലായിരുന്നു താമസം. ഹമാസിന്റെ വിദേശ നയതന്ത്രത്തിന്റെ മുഖമായിരുന്നു. ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിട്ടും വെടിനിറുത്തൽ ചർച്ച തുടരണമെന്ന നിലപാടായിരുന്നു ഹനിയേയ്ക്ക്.
''യുദ്ധം പുതിയ തലത്തിലേക്ക് എത്തും. വലിയ പ്രത്യാഘാതങ്ങളുണ്ടാകും
-ഹമാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |