തിരുവനന്തപുരം : വയനാട് മുൻ എം.പിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്ത ബാധിതരായ കുടുംബങ്ങളെ ഇവർ സന്ദർശിക്കും.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ, മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും പരിക്കേറ്റവരെ ചികിത്സിക്കുന്ന മേപ്പാടിയിലെ ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജും(വിംസ്) സന്ദർശിക്കും. ദുരന്തമുഖത്ത് ക്യാമ്പ് ചെയ്യുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, വിദേശ സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയെത്തുന്ന കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ തുടങ്ങിയവരും പാർട്ടി നേതാക്കളും എം.പിമാരും എം.എൽ.എമാരും ഇവർക്കൊപ്പമുണ്ടാവും. രാഹുലും,പ്രിയങ്കയും വിമാന മാർഗം മൈസൂരിലെത്തി അവിടെ നിന്നും കാറിൽ വയനാട്ടിലെത്താനാണ് ആലോചന. കഴിഞ്ഞ ദിവസം ഇരുവരുടെയും സന്ദർശനം നിശ്ചയിച്ചിരുന്നെങ്കിലും തുടർച്ചയായ മഴയും മോശം കാലാവസ്ഥയും മൂലം റദ്ദാക്കിയിരുന്നു.
വയനാട് ദുരന്തത്തിനിരയായവർക്ക് തമിഴ്‌നാട് പി.സി.സി ഒരു കോടി രൂപ നൽകും. തുക രാഹുൽ ഗാന്ധി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |