അനുരാഗ് താക്കൂറിന്റെ ജാതി പ്രസംഗവുമായി മോദി എക്സിൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി എംപി അനുരാഗ് താക്കൂർ നടത്തിയ ജാതി പരാമർശത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിൽ ലോക്‌സഭ സ്‌തംഭിച്ചു. താക്കൂറിന്റെ വിവാദ പ്രസംഗം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അവകാശല ലംഘനത്തിന് കോൺഗ്രസ് നോട്ടീസ് നൽകി.
''തീർച്ചയായും കേൾക്കേണ്ടത് '' എന്ന പരാമർശത്തോടെയാണ് താക്കൂറിന്റെ പ്രസംഗ വീഡിയോ മോദി എക്‌സിൽ പങ്കുവച്ചത്. വസ്തുതകളും നർമ്മവും ചേർത്ത് 'ഇന്ത്യ' സഖ്യത്തിന്റെ വൃത്തികെട്ട രാഷ്ട്രീയം തുറന്നുകാട്ടുന്ന പ്രസംഗമാണ് അനുരാഗ് താക്കൂർ നടത്തിയതെന്നും കമന്റ് ചെയ്‌തു.
സ്‌പീക്കർ രേഖകളിൽ നിന്ന് നീക്കിയ പ്രസംഗം പങ്കുവച്ചത് ചൂണ്ടിക്കാട്ടി ജലന്ധർ എംപിയും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരൺജിത് സിംഗ് ചന്നിയാണ് ലോക്‌സഭാ സെക്രട്ടറിക്ക് അവകാശ ലംഘന നോട്ടീസ് നൽകിയത്. അപകീർത്തികരമായ പ്രസംഗം പങ്കുവച്ച് പ്രധാനമന്ത്രി പാർലമെന്ററി പദവി ഗുരുതരമായി ലംഘിച്ചെന്നും ഇത് അധിക്ഷേപകരവും ഭരണഘടനാ വിരുദ്ധവുമാണെന്നും നോട്ടീസിൽ പറയുന്നു.
അനുരാഗ് താക്കൂർ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടത് ബുധനാഴ്ച ലോക്‌ഭയിൽ ബഹളം സൃഷ്‌ടിച്ചു. സഭ സമ്മേളിച്ച ഉടൻ കോൺഗ്രസ് വിഷയം ഉന്നയിച്ചെങ്കിലും സ്‌പീക്കർ ഒാം ബിർള പരിഗണിച്ചില്ല. ചോദ്യോത്തര വേളയിൽ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസംഗം ബഹളത്തിൽ തടസപ്പെട്ടു. പ്രതിഷേധത്തെ അപലപിച്ച പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, രാജ്യത്തെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പറഞ്ഞു.
ബഹളം തുടർന്നതോടെ സഭ 12 വരെ നിർത്തി. പ്രതിഷേധിച്ച അംഗങ്ങളുടെ സമീപനം തെറ്റാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ നടപടി ലോക്‌സഭാ ചട്ടത്തിന് വിരുദ്ധമാണെന്ന് കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
പാർലമെന്റിൽ ആരുടെയും ജാതി ചോദിക്കുന്നില്ല. ഇത് ബോധപൂർവം അപമാനിക്കാനാണ്. ഇത്തരം നീചമായ കാര്യങ്ങളെ പ്രധാനമന്ത്രി പിന്തുണയ്ക്കരുത്.
--മല്ലികാർജ്ജുന ഖാർഗെ, പ്രതിപക്ഷ നേതാവ്, രാജ്യസഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |