കണ്ണൂർ: ലോക്‌സഭാ പ്രതിപക്ഷ നേതാവും മുൻ വയനാട് എംപിയുമായ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ കണ്ണൂരിൽ നിന്ന് വയനാട്ടിലേയ്ക്ക് തിരിച്ചു. രാവിലെ പത്തരയോടെയാണ് ഇരുവരും കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.
#WATCH | Kerala: Congress leader & Lok Sabha LoP Rahul Gandhi and Congress leader Priyanka Gandhi Vadra arrive at Kannur airport
— ANI (@ANI) August 1, 2024
They will visit Wayanad to take stock of the situation of the constituency which has been rocked by massive landslides leading to 167 deaths. pic.twitter.com/sKlKnc4sBo
ദുരന്തബാധിത പ്രദേശമായ ചൂരൽമല, മേപ്പാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ദുരിതാശ്വാസ ക്യാമ്പുകളായ മേപ്പാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ് ജോസഫ് യു പി സ്‌കൂൾ, മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രാഹുലും പ്രിയങ്കയും സന്ദർശിക്കുമെന്നാണ് വിവരം.
ഉരുൾപൊട്ടലിന് പിന്നാലെ തന്നെ രാഹുലും പ്രിയങ്കയും വയനാട് സന്ദർശിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് റദ്ദാക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സന്ദർശനം മാറ്റിവയ്ക്കുന്നതായി രാഹുൽ തന്നെയാണ് അറിയിച്ചത്. എത്രയും വേഗം തങ്ങൾ സന്ദർശനം നടത്തുമെന്ന് വയനാട്ടിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്നും രാഹുൽ ഗാന്ധി കഴിഞ്ഞദിവസം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചിരുന്നു.
മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തം രാഹുൽ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ദുരന്തത്തിന്റെ തോത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും അനേകം പേർ മരിച്ചെന്നും ശൂന്യവേളയിലാണ് അദ്ദേഹം പറഞ്ഞത്. വ്യാപക നാശനഷ്ടമുണ്ടായി. കേന്ദ്ര സർക്കാർ സാദ്ധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിച്ച് അടിയന്തരമായി വിതരണം ചെയ്യണം.
പശ്ചിമഘട്ടത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ സമീപകാലത്തുണ്ടായ ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ആശങ്കയുണ്ടാക്കുന്നതാണ്. ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങൾ നിർണയിച്ച് പരിസ്ഥിതി ലോലപ്രദേശങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |