കാസർകോട്: വ്യാജ ബില്ലിൽ ഗുജറാത്തിലെ ജാംനഗറിലേക്ക് കടത്താൻ ശ്രമിച്ച 24 ലക്ഷം രൂപയുടെ പിച്ചള സ്ക്രാപ്പ് സംസ്ഥാന ജി.എസ്.ടി അധികൃതർ കാഞ്ഞങ്ങാട് അതിഞ്ഞാലിൽ വച്ച് പിടികൂടി. പട്ടാമ്പി ഓങ്ങല്ലൂരുള്ള ആർ.എസ് ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇവ ഗുജറാത്തിലെ ജാംനഗറിലേക്ക് കടത്താൻ ശ്രമിച്ചത്. ജി.എസ്.ടി വകുപ്പ് കാഞ്ഞങ്ങാട് ഇൻറ്റലിജൻസ് യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ, ആർ.എസ് ട്രേഡേഴ്‌സ് വ്യാജ ഇൻവോയ്‌സുകൾ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
ഉടമയെ ചോദ്യം ചെയ്‌തതിൽ ചരക്കുകളുടെ ഉറവിടത്തെ കുറിച്ചോ വിതരണക്കാരെ കുറിച്ചോ വ്യക്തമായ വിവരങ്ങൾ നൽകാൻ കഴിഞ്ഞിട്ടില്ല. ആർ.എസ് ട്രേഡേഴ്‌സിൽ പാലക്കാട് ഇന്റലിജൻസ് യൂണിറ്റുകളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ആർ.എസ് ട്രേഡേഴ്‌സ് നികുതി വെട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനമാണെന്ന് ബോധ്യപ്പെട്ടു. കൂടാതെ, രജിസ്റ്റർ ചെയ്ത സ്ഥലത്തോ ഗോഡൗണിലോ യാതൊരു സ്റ്റോക്കും കണ്ടെത്തിയില്ല. ഇൻവോയ്‌സുകൾ കടയിൽ വെച്ച് കമ്പ്യൂട്ടർ ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന് ഉടമ അവകാശപ്പെട്ടെങ്കിലും ഈ സ്ഥാപനത്തിൽ യഥാർത്ഥത്തിൽ യാതൊരു ബിസിനസ്സ് പ്രവർത്തനങ്ങളും നടന്നിരുന്നില്ല എന്നതിന് തെളിവുകൾ ലഭിച്ചതായി ജി.എസ്.ടി അധികൃതർ പറഞ്ഞു.
ചരക്കുകളും വാഹനവും കണ്ടുകെട്ടുന്നതിനായി ജി.എസ്.ടി വകുപ്പ് നോട്ടീസ് നൽകി. ആർ.എസ് ട്രേഡേഴ്‌സ് ചരക്കുകളും വാഹനവും കണ്ടുകെട്ടുന്നതിന് പകരമായി 23,16,434 രൂപ പിഴ അടച്ചു. കാസർകോട് ഇൻറ്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ടി.കെ.പദ്‌മനാഭന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനക്ക് കാഞ്ഞങ്ങാട് യൂണിറ്റ് ഇൻറലിജൻസ് ഓഫീസർ പി.വി രത്നാകരൻ നേതൃത്വം നൽകി. അസി ഇൻറ്റലിജൻസ് ഓഫീസർമാരായ കെ. പ്രജീഷ്,ഇ. രേഖ, കെ.ലാലു ലാസർ, എം. പി രതീഷ്,കെ എസ് സുധീഷ് കുമാർ, ഡ്രൈവർ എം. അഖിൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |