തിരുവനന്തപുരം: തൃശൂർ ചാവക്കാട്ട് ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ കോൺഗ്രസ് നേതാവ് നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മിന്റെ പങ്കും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ രംഗത്ത്. സി.പി.എമ്മിന്റെ പങ്കില്ലാതെ എസ്.ഡി.പി.ഐക്കാർക്ക് ആരെയും കൊല്ലാനാവില്ലെന്നും അനിൽ അക്കര തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആരോപിച്ചു.
ഇതിന് പിന്നാലെ എം.എൽ.എയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. നൗഷാദിന്റെ കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ അനിൽ അക്കരയുടെ പോസ്റ്റിൽ എസ്.ഡി.പി.ഐയ്യെക്കുറിച്ച് യാതൊരു പരാമർശവും ഇല്ലെന്ന് മാത്രമല്ല സംഭവത്തിന്റെ ഉത്തരവാദിത്വം സി.പി.എമ്മിന്റെ തലയിൽ ചാരാനും ശ്രമം നടന്നുവെന്നാണ് വിമർശനം. സംഭവത്തിൽ സംശയത്തിന്റെ മുനപോലും എസ്.ഡി.പി.ഐയ്‌ക്ക് നേരെ നീങ്ങരുതെന്ന് എം.എൽ.എയ്‌ക്ക് നിർബന്ധമുണ്ടെന്ന് തോന്നുമല്ലോ എന്നും ചിലർ ചോദിക്കുന്നു. ആർ.എസ്.എസുകാർ കൊല്ലപ്പെട്ടപ്പോൾ ഉപവാസമിരുന്ന നേതാക്കൾ പോലും ഇക്കാര്യത്തിൽ മിണ്ടുന്നില്ലെന്നും ചിലർ ഫേസ്ബുക്കിൽ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് യു.ഡി.എഫ് - എസ്.ഡി.പി.ഐ രഹസ്യബന്ധമുണ്ടെന്ന് മന്ത്രി കെ.ടി.ജലീൽ ആരോപിച്ചു. വർഗീയ കക്ഷികളോട് യു.ഡി.എഫിന് മൃദുസമീപനമാണ്. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തെക്കുറിച്ച് വിശദമായി പ്രതികരിക്കാൻ പോലും പ്രതിപക്ഷ നേതാവിന് മടിയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |