കോഴിക്കോട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീട് വെച്ച് നൽകുമെന്നും ഷിരൂർ ദുരന്തത്തിൽ കാണാതായ ഡ്രെെവർ അർജുന്റെ ഭാര്യയ്ക്ക് ജോലിനൽകുമെന്നും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭവനരഹിതരായവർക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നൽകുന്ന സ്ഥലത്ത് പഞ്ചായത്ത് നിർദ്ദേശിക്കുന്ന 11 കുടുംബങ്ങൾക്കാണ് 5 ലക്ഷം രൂപ വീതം ചെലവഴിച്ചു കൊണ്ട് വീടുകൾ നിർമ്മിച്ച് നൽകുക.
നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി)യുമായി കൂടിച്ചേർന്ന് പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വീടുകളാണ് 120 ദിവസം കൊണ്ട് പൂർത്തിയാക്കുക.ബാങ്കിന്റെ 2023-24 വർഷത്തെ അറ്റലാഭം 4 കോടി രൂപയാണ്.ഇതിൽ നിന്നാണ് തുക ചെലവഴിക്കുക.
ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് ജോലിയും നൽകും. സഹകരണ നിയമ വ്യവസ്ഥകളിൽ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കിൽ ജൂനിയർ ക്ലർക്ക് തസ്തികയിൽ കുറയാത്ത തസ്തികയിൽ നിയമിക്കുന്നതിന് സർക്കാൻ അനുവാദം തരുന്ന പക്ഷം നിയമനം നൽകാൻ ബാങ്ക് തയ്യാറാണെന്നും ഭാരവാഹികൾ അറിയിച്ചു.
വാർത്താസമ്മേളനത്തിൽ ബാങ്ക് ചെയർപേഴ്സൺ പ്രീമ മനോജ്, എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ, ബാങ്ക് ഡയരക്ടർമാരായ കെ.പി.രാമചന്ദ്രൻ, ടി.എം. വേലായുധൻ, എൻ.പി അബ്ദുൾ ഹമീദ്, ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, സി.ഇ.ചാക്കുണ്ണി (ഡയരക്ടർ , എം.വി.ആർ കാൻസർ സെന്റർ) എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |