തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വീടുകളിൽ നിന്നും ജീവന്റെ ഓരോ തുടിപ്പും കണ്ടെത്താനുള്ള രക്ഷാപ്രവർത്തകരുടെ ശ്രമം തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജീവന്റെ ഓരോ തുടിപ്പും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. റഡാറുകളിൽ പതിയുന്ന ചെറുചലനങ്ങൾ പോലും പ്രതീക്ഷയുണർത്തുന്നു. ഈ ഇരുട്ടിലും തകർന്ന കെട്ടിടത്തിനുള്ളിൽ ജീവനുകൾ അവശേഷിക്കുന്നുണ്ടോ എന്ന് രക്ഷാപ്രവർത്തകർ തേടുകയാണെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
എട്ടു മണിക്കൂർ നീണ്ട കഠിനപ്രയത്നത്തിനൊടുവിലാണ് ആദിവാസി സങ്കേതത്തിൽ ഒറ്റപ്പെട്ടു പോയ ആറു പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. രക്ഷാ പ്രവർത്തകരുടെ ധീരതയോടും ത്യാഗസന്നദ്ധതയോടും ഈ നാട് കടപ്പെട്ടിരിക്കുന്നു. മനുഷ്യനെന്ന പദത്തിന്റെ മഹത്വം കേരളത്തിലൂടെ ലോകം വീണ്ടും തിരിച്ചറിയുകയാണ്. ആത്മവീര്യം നഷ്ടപ്പെടാതെ, ഐക്യബോധത്തോടെ ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാമെന്നും പിണറായി കുറിച്ചു.
അതേസമയം മുണ്ടക്കൈയിൽ റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ രാത്രിയിലേക്ക് നീണ്ട നാലാം ദിവസത്തെ തെരച്ചില്‍ ദൗത്യ സംഘം അവസാനിപ്പിച്ചു. നേരം ഇരുട്ടിയതോടെ സിഗ്നല്‍ ലഭിച്ച സ്ഥലത്തെ പരിശോധന നിര്‍ത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍, സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിലും പരിശോധന നടത്താന്‍ തീരുമാനിച്ചത്.
രാത്രി ഒമ്പത് മണി വരെ തെരച്ചില്‍ നടത്തിയ ശേഷമാണ് നാലാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. നേരത്തെ മനുഷ്യജീവന്റെ സാന്നിദ്ധ്യമാണെന്ന് ഉറപ്പില്ലെങ്കിലും റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായിട്ടാണ് പരിശോധന നടത്തിയത്. രാത്രിയായതിനാല്‍ വെളിച്ചത്തിന് ഉള്‍പ്പെടെ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും സൈന്യത്തിന്റെ ദൗത്യം വിജയം കണ്ടില്ല.
വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ആണ് മൂന്ന് പേരെ കാണാതായ വീടിന്റെ പരിസരത്ത് നിന്ന് സിഗ്നല്‍ ലഭിച്ചത്. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് ഈ സിഗ്നല്‍ ലഭിച്ചത്. ജീവന്റെ സാന്നിധ്യമുണ്ടെന്ന് വ്യക്തമാകുന്ന സിഗ്‌നല്‍ ആയിരുന്നു അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തുനിന്ന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഈ പരിസരത്ത് മണ്ണുകുഴിച്ചും കലുങ്കിനടിയിലെ കല്ലും മണ്ണും നീക്കംചെയ്തും വൈകുന്നേരം ആറരവരെ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആദ്യ രണ്ടുവട്ടം നടത്തിയ റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചെങ്കിലും മൂന്നാംവട്ടം നടത്തിയ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |