തിരുവനന്തപുരം: ഒരൊറ്റ രാത്രികൊണ്ടാണ് ഉരുൾ തകർത്തെറിഞ്ഞ ചൂരൽമലയിൽ കരസേന ബെയ്ലി പാലം നിർമ്മിച്ച് നാടിന് താങ്ങൊരുക്കിയത്. സംസ്ഥാനത്ത് ആദ്യമായി ബെയ്ലി പാലമെന്ന ആശയം പ്രാവർത്തികമായത് നമ്മുടെ തലസ്ഥാനത്താണെന്ന് പലർക്കുമറിയില്ല.
1970ലായിരുന്നു സംഭവം. തിരുവനന്തപുരം- കൊല്ലം ദേശീയ പാതയിലെ ആറ്റിങ്ങലിൽ വാമനപുരം നദിക്ക് കുറുകെയുള്ള പൂവമ്പാറ പാലത്തിനു കുറുകെയാണ് ഏഴര മണിക്കൂർകൊണ്ട് സൈന്യം പാലം പൂർത്തിയാക്കിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇരുമ്പിൽ പണിത പാലമായിരുന്നു ഇത്. രാത്രിയിൽ കൊല്ലത്തേക്ക് ചരക്കു കയറ്റിവന്ന ലോറിയിടിച്ചാണ് പാലത്തിന്റെ ഇരുമ്പ് ടൈബീമുകൾ തകർന്നത്. കൈവരിയടക്കം പാലത്തിന്റെ ഡെക്കിംഗ് ആറ്റിലേക്ക് പതിച്ചു. പാലം തകർന്നതറിയാതെ പുലർച്ചെ ആറ്റിങ്ങലിലേക്ക് നടന്നു വരികയായിരുന്ന ആലംകോട് സ്വദേശി നാരായണപിള്ള തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ.ദിവാകരൻ പി.ഡബ്ലിയു.ഡി ചീഫ് എൻജിനിയർ സി.എം.ആന്റണിയോട് അടിയന്തര പരിഹാരമുണ്ടാക്കാൻ ആവശ്യപ്പെട്ടു. അന്നത്തെ എക്സിക്യുട്ടീവ് എൻജിനിയറും പിന്നീട് ചീഫ് എൻജിനിയറുമായ പി.പി.തോമസ് അടക്കമുള്ളവർ പങ്കെടുത്ത ചർച്ചയിലാണ് ബെയ്‌ലി പാലമെന്ന ആശയമുയർന്നത്. തുടർന്ന് ടി.കെ.ദിവാകരൻ കേന്ദ്രമന്ത്രിയുമായി ഫോണിൽ സംസാരിച്ചു.
ദിവസങ്ങൾക്കകം കരസേന നിർമ്മാണ സാമഗ്രികളുമായെത്തി. അടുത്ത ദിവസം രാവിലെ ഏഴോടെ നിർമ്മാണമാരംഭിച്ചു. ഉച്ചയ്ക്ക് 2.30ഓടെ പണി പൂർത്തിയാക്കി. മന്ത്രിയുടെ കാറായിരുന്നു ആദ്യമായി പാലത്തിലൂടെ ഓടിച്ചത്. മൂന്നുമണിയോടെ ഉദ്യോഗസ്ഥർക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിപ്പോയത്. ഇക്കാര്യങ്ങളെല്ലാം പി.പി.തോമസ് പിന്നീട് എഴുതിയിട്ടുണ്ട്.
26 വർഷത്തിനുശേഷം 1996ൽ പമ്പാനദിയിലെ റാന്നി പാലം തകർന്നപ്പോൾ 190 അടി നീളത്തിൽ ബെയ്‌ലി പാലം പണിതു. 2017ൽ ഏനാത്ത് പാലത്തിന്റെ തൂണുകളിൽ ഒന്നിന് തകരാറുണ്ടായപ്പോഴും 2011ൽ ശബരിമല തീർത്ഥാടകരുടെ തിരക്ക് കുറയ്‌ക്കാൻ മാളികപ്പുറത്ത് നിന്ന് ചന്ദ്രാനന്ദൻ റോഡിലേക്ക് 90 ലക്ഷം രൂപ മുടക്കി മറ്റൊരു പാലവും കരസേന പണിതു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |