കൽപ്പറ്റ: സൂചിപ്പാറയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷിച്ചു. മലപ്പുറം സ്വദേശികളായ സാലി, റിയാസ്, മുഹ്സിൻ എന്നിവരാണ് സൂചിപ്പാറയ്ക്ക് സമീപമുള്ള പാറയിൽ കുടുങ്ങിയത്. ഇവരിൽ രണ്ട് പേർക്ക് കാലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഒരാൾ നീന്തി മറുകരയിലേക്ക് വന്നിരുന്നു.
പരിക്കേറ്റ രണ്ട് പേരെയും എയർ ലിഫ്റ്റ് ചെയ്തു. വൈദ്യസഹായം നൽകിയ ശേഷം മൂന്ന് പേരെയും മേപ്പാടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. വളരെ സാഹസികമായിട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ഇന്നലെ വൈകിട്ടാണ് ഇവർ ചാലിയാർ പുഴ കടന്ന് വനത്തിലൂടെ സൂചിപ്പാറയിലേക്ക് പോയത്. പിന്നെ മുന്നോട്ടുപോകാനും സാധിച്ചില്ല. രാത്രി മുഴുവൻ പാറക്കെട്ടിൽ കുടുങ്ങി. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരുമൊക്കെ എത്തിയാണ് മൂവർ സംഘത്തെ രക്ഷിച്ചതെന്നാണ് വിവരം.
അതേസമയം, വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 360 ആയി. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. ചാലിയാർ പുഴയിലും പരിശോധന നടത്തുന്നുണ്ട്. ഇന്ന് രണ്ട് മൃതദേഹങ്ങളാണ് കിട്ടിയത്. ചാലിയാർ പുഴയിൽ നിന്ന് ലഭിച്ച ശരീരഭാഗങ്ങൾ തിരിച്ചറിയുക പ്രയാസമാണ്. 148 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മൃതദേഹം കണ്ടെത്താനുള്ള റഡാർ ഉടനെത്തിക്കും. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തിലധികം പേരാണ് കഴിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |