വയനാട് ഉരുൾപൊട്ടലിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽ. മാതാപിതാക്കളുടെ പേരിൽ മോഹൻലാൽ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷനാണ് സംഭാവന നൽകുന്നത്. ഉരുൾപൊട്ടലിൽ നശിച്ച മുണ്ടക്കൈ എൽ.പി സ്‌കൂൾ പുതുക്കിപ്പണിയുമെന്നും മോഹൻലാൽ പറഞ്ഞു.
ഈ നാടുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. പണ്ട് ഇവിടെ ഞങ്ങൾക്കൊരു സ്ഥലം ഉണ്ടായിരുന്നു. ഏറ്റവും സങ്കടകരമായ കാഴ്ചയാണ് കുറച്ചുദിവസങ്ങളായി കാണുന്നത്. ഒരുപാട് പേർക്ക് ഉറ്റവരെയും ഉടയവരെയും വീടും ഭൂമിയുമെല്ലാം നഷ്ടപ്പെട്ടു. ആർമിയും പൊലീസും ദുരിതാശ്വാസ പ്രവർത്തകരും സന്നദ്ധ സംഘടനകളും ആരോഗ്യപ്രവർത്തകരും ജനങ്ങളും എന്തിന് ഒരു കല്ലെടുത്ത് മാറ്റിവച്ച കുട്ടി പോലും നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ കൈയടി അർഹിക്കുന്നു. ഞാൻ ഉൾപ്പെടുന്ന മദ്രാസ് ബറ്റാലിയൻ ഇവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഒരുപാട് പേരെ ഇനിയും കണ്ടെത്താനുണ്ട്. മുകളിൽ പോയി കാണുമ്പോഴാണ് വ്യാപ്തി മനസിലാകുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. നഷ്ടപ്പെട്ടതൊന്നും തിരിച്ചുനൽകാനാകില്ല. വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ ഇപ്പോൾ നൽകാൻ ഉദ്ദേശിക്കുന്നു. മോഹൻലാൽ പറഞ്ഞു. ടെറിട്ടോറിയൽ സൈന്യത്തിൽ ലെഫ്‌റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക വേഷത്തിലാണ് എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |