കോട്ടയം: കേന്ദ്രം പിടിമുറുക്കിയതോടെ മലിനീകരണ പരിശോധനയിൽ വിജയിക്കാനാവാതെ പഴയവാഹനങ്ങൾ. ടെസ്റ്റിൽ പരാജയപ്പെട്ടാലും ഉടമകളിൽ നിന്ന് പണം വാങ്ങുന്നത് പല മലിനീകരണ കേന്ദ്രങ്ങളും പതിവാക്കിയിട്ടുണ്ട്. സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും ടെസ്റ്റ് നടത്തി അനുകൂല സർട്ടിഫിക്കറ്റ് വാങ്ങുന്നത് ഉടമകളുടെ കീശ ചോർത്തുകയാണ്.
ഭാരത് സ്റ്റേജ് (ബി.എസ്) 4, 6 വിഭാഗങ്ങളിൽ വരുന്ന പെട്രോൾ വാഹനങ്ങളുടെ മലിനീകരണം വിലയിരുത്തുന്നതിനായി ലാംഡ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് കാര്യക്ഷമമായിരുന്നില്ല. എന്നാൽ രണ്ട് മാസങ്ങൾക്ക് മുമ്പ് കേന്ദ്രം പിടിമുറുക്കിയതോടെ ടെസ്റ്റിൽ പരാജയപ്പെടുന്ന വാഹനങ്ങളുടെ എണ്ണവും കൂടി. മുൻപ് പുകപരിശോധനയ്ക്കെത്തുന്ന വാഹനങ്ങളെല്ലാം വിജയിക്കുമെങ്കിൽ ഇപ്പോൾ ജില്ലയിൽ 10 ശതമാനം വരെ വാഹനങ്ങൾ പരാജയപ്പെടുകയാണ്.
പണികിട്ടിയത് യൂസ്‌ഡ് വാഹനങ്ങൾക്ക്
കൊവിഡിന് ശേഷം യൂസ്ഡ് വാഹനങ്ങളുടെ വില്പന ജില്ലയിൽ കുതിച്ചിരുന്നു. സെക്കൻഡ് ഹാൻഡ് കാർ ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. പല വാഹനങ്ങളും 7-15 വർഷത്തിന് മേൽ പഴക്കമുള്ളവയാണ്. എന്നാൽ പരിശോധനയിൽ പരാജയപ്പെടുന്നതിലേറെയും ഇത്രയും കാലം പഴക്കമുള്ള വാഹനങ്ങളാണ്. പുക സർട്ടിഫിക്കറ്റിനായുള്ള പരിശോധനയിൽ പരാജയപ്പെടുമ്പോൾ സാങ്കേതികപ്രശ്നം പരിഹരിക്കാൻ ബൈക്കിന് ആയിരത്തിന് മുകളിലേയ്ക്കും കാറിന് മൂവായിരത്തിന് മുകളിലേയ്ക്കും പണിക്കൂലിയാവുന്നുണ്ട്. സർട്ടിഫിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ 1500 രൂപ പിഴ അടയ്ക്കണം.
നടപടി മലീനകരണം കുറയ്ക്കാൻ
അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി.എസ്. 4 പെട്രോൾ ഇരുചക്ര,നാലുചക്ര വാഹനങ്ങളിൽ കാർബൺമോണോക്‌സൈഡ് കറക്ഷൻ ചെയ്യുന്നത്. ഇന്ധനജ്വലനത്തിൽ പോരായ്മയുണ്ടെങ്കിൽ വാഹനങ്ങൾ പുക പരിശോധനയിൽ പരാജയപ്പെടും. എയർഫിൽട്ടർ, സ്പാർക്ക് പ്ലഗ് എന്നിവ കൃത്യമായ ഇടവേളകളിൽ മാറാതിരിക്കുമ്പോഴും കാർബറേറ്ററിൽ അടവുണ്ടാകുമ്പോഴും മലിനീകരണത്തോത് കൂടും. സർവീസ് നടത്തി ഇവയെല്ലാം ശരിയാക്കിയാലെ പരിശോധനയിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കൂ.
പരിശോധനയിൽ പരാജയപ്പെടുന്നത്:
10% വാഹനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |