കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിൽ ഏഴാം നാളും തെരച്ചിൽ തുടരുകയാണ്. 12 സോണുകളായി 50 പേർ വീതമുള്ള സംഘങ്ങളായാണ് തെരച്ചിൽ നടത്തുന്നത്. സൈന്യവും തെരച്ചിലിൽ പങ്കുചേരും. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചിൽ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചിൽ പ്രവർത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്റെ തീരുമാനം.
തെരച്ചിൽ നടത്തുന്ന ഓരോ സംഘത്തിലും ഫയർ ഫോഴ്‌സ്, എൻഡിആർഎഫ്, എസ്‌ഡിആർഎഫ് എന്നിവരുമുണ്ട്. കൂട്ടത്തോടെ മൃതദേഹങ്ങൾ കണ്ടെടുത്ത ഇടങ്ങൾ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. രക്ഷപ്പെട്ടവരും ബന്ധുക്കളും എത്തി മൃതദേഹങ്ങൾ ഉണ്ടെന്ന് പറയുന്ന ഇടങ്ങളിലും തെരച്ചിൽ നടത്തും. തമിഴ്‌നാടിന്റെ സംഘവും സഹായത്തിനായി എത്തിയിട്ടുണ്ട്. തമിഴ്‌നാടിന്റെ അഞ്ച് കെഡാവർ ഡോഗുകളെയും ഇന്നത്തെ തെരച്ചിലിൽ ഉപയോഗിക്കുന്നുണ്ട്.
അതേസമയം, ഉരുൾപൊട്ടലിനിടെ മണ്ണിനടിയിൽ പുതഞ്ഞ് കിടക്കുന്ന ഗ്യാസ് സിലിണ്ടറുകൾ തെരച്ചിലിന് വെല്ലുവിളിയാകുകയാണ്. പല വീടുകളിലും കടകളിലും നിന്ന് ഒഴുകി വന്ന 27 ഗ്യാസ് സിലിണ്ടറുകൾ മണ്ണ് നീക്കം ചെയ്‌തപ്പോൾ ലഭിച്ചു. മണ്ണിൽ പുതഞ്ഞ് ഇനിയും സിലിണ്ടറുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാൽ കരുതലോടെയാണ് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിക്കുന്നത്. ലഭിച്ച സിലിണ്ടറുകൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
മാത്രമല്ല, ചാലിയാർ പുഴയിലൂടെയും നിരവധി സിലിണ്ടറുകൾ ഒഴുകിവന്നിരുന്നു. ഇതിന്റെ കരയിൽ താമസിക്കുന്നത് ആദിവാസികൾ ആണ്. ഒഴുകിയെത്തിയ വസ്‌തു എന്തെന്ന് അറിയാനുള്ള കൗതുകത്തിൽ കുട്ടികളടക്കം സിലിണ്ടർ പൊട്ടിക്കാൻ സാദ്ധ്യതയുള്ളതിനാൽ മൃതദേഹങ്ങൾ കണ്ടെത്തി ഉടൻ തന്നെ സിലിണ്ടറുകളും അവിടെ നിന്നും മാറ്റാനുള്ള നീക്കം ആരംഭിക്കുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇന്നും ഡ്രോൺ, റഡാർ പരിശോധനകൾ സ്ഥലത്ത് നടക്കും.
അതേസമയം, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് നടക്കും. മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്ന് ഓൺലൈൻ വഴി പങ്കെടുക്കും. മന്ത്രിമാർ വയനാട്ടിൽ നിന്നും ചേരും. രാവിലെ 11.30നാണ് യോഗം.
കണ്ടെത്താനുള്ളത് 180പേരെ
മുണ്ടക്കൈ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 387 ആയി. ഇനി 180 പേരെയാണ് കണ്ടെത്താനുള്ളത്. ദുരന്തത്തിൽ മരണമടഞ്ഞവരിൽ ഇനിയും തിരിച്ചറിയാനാകാത്ത എട്ടുപേരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. പുത്തുമലയിലെ ഹാരിസൺ മലയാളം എസ്‌റ്റേറ്റിലാണ് ഇവർക്ക് അന്ത്യവിശ്രമമൊരുക്കിയത്. മറ്റുള്ളവരുടെ സംസ്‌കാരം ഇന്ന് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |