തിരുവിതാംകൂറിലും കൊച്ചിയിലും ദാരിദ്ര്യവും പട്ടിണിയും പിടിമുറുക്കിയ കാലം. ജീവിക്കാൻ വകയില്ലാതെ കർഷകരുടെയടക്കം ജീവിതം വഴിമുട്ടി. അഷ്ടിക്ക് വകയില്ലാതായപ്പോൾ ആരോ അവരോട് പറഞ്ഞു- 'ജീവിക്കാൻ നല്ലയിടം മലബാറാണ്". പിന്നെ ചുരം കയറി വയനാട്ടിലേക്കൊഴുക്കായിരുന്നു. യാത്ര ദുഷ്കരമായതിനാൽ രണ്ട് ദിവസമെടുത്താണ് പലരും ചുരം കയറിയത്.
എത്തിയപ്പോൾ വയനാട്ടിൽ കൊടും തണുപ്പ്. ആദിവാസികളും ജന്മിമാരുമല്ലാതെ മനുഷ്യവാസവും കുറവ്. ഒപ്പം വനങ്ങളും വന്യമൃഗങ്ങളും. ജീവിതം കരുപ്പിടിപ്പിക്കാനെത്തിയവർക്ക് ഇതൊന്നും തടസങ്ങളായില്ല. അവർ പലഭാഗങ്ങളിലേക്ക് ചേക്കേറി.
തൊടുപുഴ, മീനച്ചിൽ, ദേവികുളം ഭാഗങ്ങളിൽ നിന്നാണ് ഏറെപ്പേരുമെത്തിയത്. തുടർന്ന് കൃഷിക്കായി കുന്നും മലയും വെട്ടിത്തെളിച്ചു. വിശാഖം തിരുനാൾ രാജാവ് 1800-85ൽ തിരുവിതാംകൂറിൽ കപ്പ (മരച്ചീനി) കൃഷി വ്യാപിപ്പിച്ചിരുന്നു. അവയുടെ തണ്ടുമായാണ് കുടിയേറ്റക്കാർ വയനാട്ടിലെത്തിയത്. അങ്ങനെ വയനാട് അതിജീവനത്തിന്റെ മണ്ണായി.
വന്യമൃഗങ്ങളെ വേട്ടയാടുന്നതിൽ നിയന്ത്രണം ഇല്ലാതിരുന്നതിനാൽ കാട്ടുപന്നികളെയുൾപ്പെടെ വേട്ടയാടി. താമസം മലഞ്ചരുവിലും, പുഴയോരത്തും. പുഴമീനും കപ്പയുമായിരുന്നു മുഖ്യഭക്ഷണം. കുടിയേറ്റക്കാർക്ക് നാടുമായി ബന്ധപ്പെടാൻ അഞ്ചൽ സർവീസും ബ്രിട്ടീഷ് പോസ്റ്റൽ സംവിധാനവും മാത്രം. അയയ്ക്കുന്ന കത്തുകൾ പലതും കിട്ടാറില്ല. അതുകൊണ്ടുതന്നെ വിവരങ്ങൾ കൈമാറാൻ പാടുപെട്ടു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് വയനാട്ടിൽ കുടിയേറ്റം വ്യാപിച്ചത്. നല്ല വളക്കൂറുള്ള മണ്ണായതിനാൽ ജന്മിമാരിൽ നിന്ന് ചിലർ ഭൂമി വാങ്ങി. മറ്റുചിലർ പാട്ടത്തിനെടുത്തു. അതിനിടെ നൂറുകണക്കിന് പേർ മലമ്പനിക്ക് കീഴ്പ്പെട്ടു.
ഒടുവിൽ റബറുമെത്തി
ചില കർഷകർ തിരുവിതാംകൂറിൽ നിന്ന് റബർ വിത്തും ചെടിയുമായാണ് വന്നിരുന്നത്. 1901ൽ തിരുവിതാംകൂറിലും റബർ വ്യാപകമായി. 1892ൽ കോതമംഗലത്തിനടുത്ത് തട്ടേക്കാട്ടിൽ സായിപ്പുമാർ റബർ കൃഷി ചെയ്തിരുന്നു. കൃഷി രീതി പുറത്ത് പോകാതിരിക്കാൻ സായിപ്പുമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തൊഴിലാളികൾ പുറത്ത് പോകുമ്പോൾ റബർ കുരു കടത്തുന്നുണ്ടോ എന്നുപോലും പരിശോധിച്ചിരുന്നു. 1923ൽ ചെറുകിട കർഷകർ വൻകിടക്കാർക്കൊപ്പമെത്തി. കാഞ്ഞിരപ്പള്ളിയിലും മറ്റും തോട്ടങ്ങൾ വ്യാപിച്ചു. തുടർന്ന് റബറിന് മികച്ച പ്രചാരണം കിട്ടി, നല്ല വിലയും. ഇതോടെ വൻകിടക്കാരും മലബാറിലേക്ക് ചേക്കേറി. കുരുമുളകും തിരുവിതാംകൂറിൽ നിന്ന് വയനാട്ടിലെത്തി. കപ്പയും നെല്ലും ഹ്രസ്വകാല വിളകളായിരുന്നു. അതിനാൽ സ്ഥിര വരുമാനത്തിനായി റബറും കാപ്പിയും കുരുമുളകും ഏലവുമെല്ലാം അവർ കൃഷിയിറക്കി. ഒരിക്കൽ യൂറോപ്പിൽ ഉരുളക്കിഴങ്ങിന് ക്ഷാമം നേരിട്ടിരുന്നു. അതുപോലെ കപ്പയ്‌ക്ക് ഇവിടെയും ക്ഷാമുണ്ടായി. ഇതേ തുടർന്നാണ് ഭക്ഷ്യവസ്തു എന്ന നിലയിൽ കൃഷി വ്യാപിപ്പിച്ചത്. പ്രശസ്ത ചരിത്രകാരനും കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും കേരള ചരിത്ര ഗവേഷണ കൗൺസിൽ അംഗവുമായ ഡോ. മൈക്കിൾ തരകൻ മലബാറിലെ കുടിയേറ്റത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. പ്രൊഫ.കെ.എൻ.രാജിന്റെ കീഴിലായിരുന്നു പഠനം. എം.ഫിൽ പഠനത്തിന്റെ ഭാഗമായാണ് മലബാറിന്റെ കുടിയേറ്റത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അന്വേഷണം.
(വയനാടിന്റെ മാറ്റത്തെക്കുറിച്ച് നാളെ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |